കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം നീക്കി. അത്യാഹിതവിഭാഗത്തിന് സമീപത്ത് കൂമിഞ്ഞുകൂടിയ മാലിന്യം കോളേജിലെ ഗ്രൗണ്ടിന് സമീപത്താണ് കുഴിച്ചുമൂടിയത്. അഞ്ഞൂറോളം ലോഡ് കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വലിയ ചാക്കുകളിലാക്കി ഏഴുദിവസംകൊണ്ടാണ് കുഴിച്ചുമൂടിയത്.

യു.എൽ.സി.സി. സൗജന്യമായി നൽകിയ ഹിറ്റാച്ചിയുപയോഗിച്ച് പെൺകുട്ടികളുടെ ഹോസ്റ്റലിന് എതിർവശത്ത് ഗ്രൗണ്ടിന് തെക്കുഭാഗത്താണ് മാലിന്യം സംസ്കരിച്ചത്. അടുത്ത ഒരുമാസത്തെ മാലിന്യം ഇടാൻ പുതിയ കുഴികൾ എടുക്കും. ഒരു മാസത്തിനുള്ളിൽ 45 ലക്ഷം രൂപയ്ക്ക് പുതിയ ഇൻസിനറേറ്റർ വാങ്ങാൻ എം.എൽ.എ.യുടെയും കളക്ടറുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. ആഴത്തിലുള്ള കുഴിയെടുത്താണ് മാലിന്യം സംസ്കരിച്ചത്. ചെങ്കല്ല്‌ വെട്ടി കുഴിയെടുത്തു മൂടിയതിനാൽ മറ്റുഅവശിഷ്ടങ്ങളൊന്നും പുറത്തേക്ക് ഒഴുകില്ലെന്ന് അധികൃതർ അറിയിച്ചു.

എ. പ്രദീപ്കുമാർ എം.എൽ.എ., കളക്ടർ സാംബശിവറാവു, പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ, സീറോവേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗം സത്യൻ, കോർപ്പറേഷൻ കൗൺസിലർമാരായ ഷെറീന വിജയൻ, എം.എം. പത്മാവതി, ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ കുട്ടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മാലിന്യം സംസ്കരിച്ചത്. എച്ച്.ഡി.എസ്. ഫണ്ടിൽനിന്ന് അമ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.