കോഴിക്കോട്: മുമ്പെങ്ങുമില്ലാത്തവിധം അർധരാത്രിവരെ വരിയിൽനിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർ, രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തീർത്ത അലയൊലികൾ, അരയുംതലയും മുറുക്കി പ്രചാരണരംഗത്ത് സജീവമായ മൂന്ന് പ്രധാന മുന്നണികൾ, ജയിലിൽനിന്ന് പത്രിക നൽകേണ്ടിവന്ന എൻ.ഡി.എ. സ്ഥാനാർത്ഥി, സിറ്റിങ് എം.പിക്കെതിരായ ഒളിക്യാമറ വിവാദം, തിരഞ്ഞെടുപ്പ് കമ്മിഷന് വലതു-ഇടതുമുന്നണികളുടെ പരാതി പരമ്പര.... കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പടപ്പുറപ്പാടിന്റെ ഗതിവേഗമേറ്റിയപ്പോൾ വോട്ടെടുപ്പ് ദിനത്തിൽ ജനതയും പ്രകടമാക്കിയത് പതിന്മടങ്ങ് ആവേശം. 2014 ൽ 79.81 ശതമാനം എന്നിടത്തുനിന്ന്‌ 81.47 ശതമാനത്തിലേക്കുയർന്ന കനത്ത പോളിങ്. അതും ഏഴിൽ അഞ്ച് നിയോജകമണ്ഡലങ്ങളിലും എൺപതിന് മുകളിൽ ശതമാനത്തോടെ. ആകെയുള്ള 13,15,355 വോട്ടർമാരിൽ 5,13,714 പുരുഷൻമാരും 5,57,851 വനിതകളും, ഏഴ് ട്രാൻസ്ജെൻഡറുകളും വോട്ട് രേഖപ്പെടുത്തിയതോടെ 10,71,572 വോട്ടർമാരാണ് കോഴിക്കോട്ട് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 1.66 ശതമാനമാണ് 2014-നെ അപേക്ഷിച്ച് പോളിങ്ങിലെ ആകെ വർധന.

കഴിഞ്ഞതവണ 83.06 ശതമാനം പോളിങ് രേഖപ്പെടുത്തിയ കുന്ദമംഗലത്താണ് ഇത്തവണ കോഴിക്കോട്ട് ഏറ്റവും കൂടുതൽ പോളിങ്. 1.58 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 84.4 ആണ് ഇത്തവണ പോളിങ് ശതമാനം. 2016 അസംബ്ലി തിരഞ്ഞെടുപ്പിൽ 85.5 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്.

കൊടുവള്ളിയിലാണ് 2014-നെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്. 3.57 ആണ് ഇവിടുത്തെ പോളിങ് ശതമാന വർധന.

കോഴിക്കോട് നോർത്ത് (78.24), സൗത്ത് (78.46) എന്നിവിടങ്ങളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം ഉയർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.82 പോളിങ് ശതമാനമുണ്ടായിരുന്ന കോഴിക്കോട് നോർത്താണ് ഇത്തവണ കോഴിക്കോട്ട് ഏറ്റവും കുറവുപേർ വോട്ട് രേഖപ്പെടുത്തിയ മണ്ഡലം.

അതേസമയം, കുന്ദമംഗലത്തിന് പുറമെ എലത്തൂർ (83.29), ബാലുശ്ശേരി (82.6), കൊടുവള്ളി(81.47),ബേപ്പൂർ (80.32) എന്നീ നിയോജകമണ്ഡലങ്ങളിലും എൺപതിന് മുകളിലാണ് പോളിങ് ശതമാനം. എലത്തൂരിൽ വെറും 0.15 ശതമാനത്തിന്റെ കുറവ് പോളിങ്ങിൽ വന്നപ്പോൾ മറ്റ് നാലുമണ്ഡലങ്ങളിൽ 0.19 മുതൽ 3.57 വരെയാണ് പോളിങ്ങിൽ വർധന രേഖപ്പെടുത്തിയത്.

പോളിങ് ശതമാനം

(നിയോജകമണ്ഡലം, 2014ലെ പോളിങ്, ഇത്തവണത്തെ പോളിങ് എന്ന ക്രമത്തിൽ)

ബാലുശ്ശേരി 82.41 - 82.6

എലത്തൂർ 83.44 - 83.29

കോഴിക്കോട് നോർത്ത് 76.6 - 78.24

കോഴിക്കോട് സൗത്ത് 75.99 - 78.46

ബേപ്പൂർ 77.39 - 80.32

കുന്നമംഗലം 83.06 - 84.4

കൊടുവള്ളി 77.83 - 81.4

ആകെ 79.81 - 81.47

Content Highlights; Kozhikode loksabha constituency polling, 2019 loksabha election