കോഴിക്കോട് : ബീച്ച് തുറക്കാൻ ജനം അക്ഷമരായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിക്കുംവിധമായിരുന്നു ഞായറാഴ്ചയിലുണ്ടായ തിരക്ക്.

സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്കിനപ്പുറത്തുവരെ ആഘോഷക്കാലങ്ങളിൽപോലുമില്ലാത്ത വിധം ആളുകൾ തിങ്ങിനിറഞ്ഞപ്പോൾ എല്ലാ കോവിഡ് നിയന്ത്രണങ്ങളും കാറ്റിൽപ്പറന്നു. പലരും മാസ്‌ക് പോലും അണിയാതെയാണ് ആൾക്കൂട്ടത്തിനിടയിലേക്കെത്തിയത്. കോവിഡ് വ്യാപനം പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും ഒട്ടേറെപ്പേർ കൈക്കുഞ്ഞുങ്ങളെയുമായാണ് എത്തിയത്. തിരക്കിനിടെ അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികളെ കാണാതായത് അല്പനേരം ആശങ്കപടർത്തി. രക്ഷിതാക്കളുടെ കൈവിട്ടുനടന്നുപോയ അഞ്ചുവയസ്സുകാരനെ പിങ്ക്‌പോലീസാണ് കണ്ടെത്തിയത്. രക്ഷിതാക്കളെ തേടിനടന്ന 12 വയസ്സുകാരനെ ഒരാൾ കോർപ്പറേഷൻ ഓഫീസിനു സമീപത്തെ പോലീസ് എയിഡ്‌പോസ്റ്റിൽ ഏൽപ്പിക്കുകയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ച ബീച്ച് മാസങ്ങൾക്കുശേഷം ഞായറാഴ്ചയാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചിരുന്നെങ്കിലും പോലീസിന് അതിനുകഴിയാത്തവിധം ആൾക്കൂട്ടമായിരുന്നു. രണ്ടു മണിമുതലാണ് തിരക്കാരംഭിച്ചത്. ആറുമണിയായതോടെ പോലീസ് ആളുകളെ തിരിച്ചയക്കാൻ തുടങ്ങിയെങ്കിലും വീണ്ടും ആളുകൾ വന്നുനിറഞ്ഞു. ഈ തിരക്ക് റോഡിലേക്കുകൂടി വ്യാപിച്ചതോടെ ഫ്രാൻസിസ് റോഡിനും ഗാന്ധിറോഡിനുമിടയിലുള്ള ബീച്ച് റോഡും ബീച്ചിലേക്കുള്ള മറ്റു ചെറിയവഴികളുമെല്ലാം ഗതാഗതക്കുരുക്കിലായി. മാസങ്ങൾക്കുശേഷം ഉന്തുവണ്ടിക്കാർക്ക് കച്ചവടം ലഭിച്ചുവെന്നതാണ് ആശ്വാസം.

Content Highlights: Kozhikode local news