കോടഞ്ചേരി : ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആശ്വാസമായി വേങ്ങത്താനത്ത് ഏലിയാമ്മയെ (78) കണ്ടെത്തി. കോടഞ്ചേരി തേവർമലയിലെ കടുവപ്പൊത്തിന് സമീപത്തുനിന്നാണ് ശനിയായഴ്ച ഉച്ചയോടെ ഇവരെ കണ്ടെത്തിയത്. ഓർമക്കുറവുള്ള ഏലിയാമ്മയെ ഒരാഴ്ചമുമ്പ് വൈകീട്ട് നാലുമണിയോടെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു.

ഒരാഴ്ചയായി പോലീസും ഡോഗ്സ്കാഡും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുൾ കണ്ടത്തി നാട്ടുകാർ ഭീതിയിലായ സാഹചര്യത്തിലാണ് ഏലിയാമ്മയെ കാണാതായത്. നാട്ടുകാരും േപാലീസും കോടഞ്ചരിയിലെയും സമീപപ്രദേശത്തെ സന്നദ്ധസംഘടങ്ങളും അടങ്ങിയ സംഘം പഞ്ചായത്തിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് ശനിയായഴ്ച നടത്തിയ തിരച്ചിലിലാണ് വീട്ടിൽനിന്ന് അല്പ്ം മാറി തേവർമലയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഇവരെ കണ്ടെത്തിയത് .

രക്ഷപ്പെടുത്തിയ ഏലിയാമ്മയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. പ്രദേശവാസികളായ ഹോളിജോസഫ് തിരുമല, ഷിബു വെട്ടു കല്ലുംപുറം, ബാബു വേലിക്കകത്ത്, അജേഷ് തോട്ടത്തിൻകടവ്, നൗഫൽ മല്ലശ്ശേരി എന്നിവരാണ് ഇവരെ കണ്ടെത്തിയത്

അനുമോദിച്ചു

ഏലിയാമ്മയെ കണ്ടെത്താൻ തിരച്ചിലിൽ പങ്കെടുത്തവരെ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. കോടഞ്ചേരി പോലീസും നാട്ടുകാരും കർമസേന മുറംപാത്തി, എന്റെ മുക്കം, ടാസ്ക് ഫോഴ്സ് കോടഞ്ചേരി എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാസുദേവൻ ഞാറ്റുകാലായിൽ, ചാൾസ് തയ്യിൽ, രാജു തേന്മല, കോടഞ്ചേരി എസ്.ഐ. കെ.സി. അഭിലാഷ് , പോലീസ് ഓഫീസർമാരായ സി.സി. സാജു, സലിം മുട്ടത്ത് എന്നിവർ സംസാരിച്ചു.