കോഴിക്കോട് : ''ടൈപ്പിങ് പിഴവാണ്, പരാതിക്കാരന്‍ മരിച്ചിട്ടില്ലെന്ന് തിരുത്തി വായിക്കണം...''- ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് കാണിച്ച് വിവരാവകാശത്തിന് മറുപടി നല്‍കിയ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ പരാതിക്കാരനോട് യാതൊരു ഖേദപ്രകടനവും നടത്താതെ നല്‍കിയ മറുപടിയാണിത്. എരഞ്ഞിക്കല്‍ സ്വദേശി കിരണ്‍ ബാബുവിനാണ് ഇങ്ങനെയൊരു ദുര്‍ഗതിയുണ്ടായത്. ജീവിച്ചിരിക്കുന്ന കിരണ്‍ ബാബു മരിച്ചതിനാല്‍ പരാതി തീര്‍പ്പാക്കിയെന്നും പരാതിയില്‍ അപ്പീല്‍ പോകാന്‍ സാധിക്കില്ലെന്നും കാണിച്ച് കിരണ്‍ ബാബുവിന് തന്നെയാണ് കമ്മിഷന്‍ നേരത്തേ കത്തയച്ചത്. ഗുരുതരമായ പിഴവ് മനസ്സിലാക്കിയ കമ്മിഷന്‍ ക്ഷമാപണം നടത്താത്തത് അംഗീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എരഞ്ഞിക്കല്‍ സ്വദേശി കിരണ്‍ ബാബു പറയുന്നു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെ.എഫ്.സി.) നിന്ന് വായ്പയെടുത്ത് കിരണ്‍ ബാബു നിര്‍മിച്ച കെട്ടിടം ലേലത്തില്‍ വിറ്റതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ 2013-ല്‍ ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലഭിച്ച മറുപടി വ്യക്തമല്ലാത്തതിനാല്‍ ഇദ്ദേഹം വീണ്ടും അപ്പീല്‍ നല്‍കി. അപ്പീലിലുള്ള മറുപടിയും തൃപ്തികരമല്ലാത്തതിനാല്‍ 2014 ജൂണില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അതിന്മേല്‍ കിരണിന് യാതൊരു നോട്ടീസോ, കത്തുകളോ ലഭിച്ചില്ല. തുടര്‍ന്ന് 2020 ജൂണില്‍ കിരണ്‍ ബാബുവിന് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉത്തരവ് എന്ന നിലയില്‍ ഒരു സന്ദേശം ലഭിച്ചു.

അതില്‍ കെ.എഫ്.സി. ഓഫീസര്‍ സമയബന്ധിതമായി മറുപടി നല്‍കിയതായും കിരണ്‍ മരണപ്പെട്ടുപോയെന്ന് കെ.എഫ്.സി. ഉദ്യോഗസ്ഥന്‍ മൊഴി കൊടുത്തതായും പറയുന്നു. കിരണ്‍ മരിച്ചതിനാല്‍ത്തന്നെ രണ്ടാം അപ്പീല്‍ ഹര്‍ജി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ തീര്‍പ്പാക്കിയെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞത്. അങ്ങനെ 'മരിച്ച' കിരണ്‍ ബാബു താന്‍ മരിച്ചിട്ടില്ലെന്ന് കാണിച്ച് 22-ന് കമ്മിഷന് രജിസ്റ്റേഡ് കത്തയച്ചു. തെറ്റ് മനസ്സിലാക്കിയ കമ്മിഷന്‍ 29-ന് വീണ്ടും തിരുത്ത് അയക്കുകയായിരുന്നു.