കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിന് നിയമനം നല്കി വിവാദക്കുരുക്കിൽപ്പെട്ട മന്ത്രി കെ.ടി. ജലീലിനെ ചേവായൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ നടുറോഡിൽ തടഞ്ഞ് കരിങ്കൊടി കാട്ടി.

ചേവായൂരിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ചൊവ്വാഴ്ച 11.30-ഓടെ ശിവജി നഗർ ജങ്ഷനിൽ ഔദ്യോഗികവാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ജില്ലാസെക്രട്ടറി എ.കെ. ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയംഗം ഷെഫീക്ക് അരക്കിണർ, മണ്ഡലം പ്രസിഡന്റ് ടി.പി.എം. ജിഷാൻ, പ്രവർത്തകരായ ജാഫർ സാദിഖ്, നൗഷാദ് പേരാമ്പ്ര, എം. ബാബുമോൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

മന്ത്രിക്കെതിരേ പ്രതിഷേധമുയരുമെന്ന് കണക്കുകൂട്ടി പരിപാടി തുടങ്ങുന്നതിന് ഏറെമുമ്പുതന്നെ ഉദ്ഘാടന സ്ഥലത്തിനടുത്തും ചേവായൂർ ജങ്ഷനിലും വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പലസമയത്തായി ഏതാനും പ്രവർത്തകർ സിജി ഹാളിനുമുന്നിലെ റോഡിലൂടെ കടന്നുപോകുന്നതും പോലീസ് ശ്രദ്ധിച്ചു. സമീപത്തെ കുറ്റിക്കാടും നിർത്തിയിട്ടിരുന്ന വാഹനങ്ങളും പോലീസ് അരിച്ചുപെറുക്കി. എന്നാൽ, പോലീസിനെ വെട്ടിച്ച് അപ്രതീക്ഷിതമായി വിവിധ വാഹനങ്ങളിലെത്തിയാണ് മന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തി യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ഇതിനിടെ, യൂത്ത്്് ലീഗ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ബസ് കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ ചിതറിയോടി. പ്രവർത്തകരെ നീക്കാൻ പോലീസിന് ബലപ്രയോഗം വേണ്ടിവന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ചേവായൂർ സ്റ്റേഷനിലേക്ക്്് മാറ്റി. മന്ത്രിയെ തടഞ്ഞതിനും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്ത ശേഷം ഇവർക്ക് ജാമ്യം നല്കി. ചേവായൂർ സി.ഐ. കെ.കെ. ബിജു, മെഡിക്കൽ കോളേജ് സി.ഐ. മൂസ വള്ളിക്കാടൻ, എസ്.ഐ. ഇ.കെ. ഷിജു എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്കിയത്.

കോടതിയിൽ പോകട്ടെ -മന്ത്രി ജലീൽ

താൻ അഴിമതി കാണിക്കുന്നെന്നു പറയുന്നവർ തെളിവുകളുമായി കോടതിയിൽ പോകാനായി വെല്ലുവിളിക്കുന്നെന്ന് മന്ത്രി ജലീൽ പറഞ്ഞു. കുറ്റിപ്പുറത്ത് ജയിച്ചപ്പോൾമുതൽ തെരുവിൽ തടയാനും കരിങ്കൊടി കാണിക്കാനും തുടങ്ങിയതാണ്. അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്ന് 101 ശതമാനം ഉറപ്പുണ്ട്. പിതാവിന്റെ അർധസഹോദരന്റെ മകന്റെ മകനാണ് നിയമനം കൊടുത്തത്. ഇങ്ങനെ നോക്കിയാൽ ഏതെങ്കിലും അകന്നബന്ധമുള്ള ആർക്കും ഒരിടത്തും നിയമനം ലഭിക്കില്ല. കോർപ്പറേഷൻ ചെയർമാൻതന്നെ ബുധനാഴ്ച ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്ന്് മന്ത്രി പറഞ്ഞു.