കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ വാണിജ്യസമുച്ചയം പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ വൻ മാറ്റങ്ങളാണ് വരിക. മാവൂർ റോഡ് മുറിച്ചുകടക്കുന്നതൊഴിവാക്കാൻ ടെർമിനലിലേക്ക് നടപ്പാലം പണിയും. യാത്രക്കാർക്കും ഇതിന്റെ പ്രയോജനമുണ്ടാവും. താഴത്തെ നിലയിൽ ശീതികരിച്ച സൂക്ക്, രണ്ടാം നിലയിൽ വിനോദത്തിനും പാർക്കിങ്ങിനുമുള്ള സൗകര്യം. ഏറ്റവും താഴത്തെ നിലയിൽ 150 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഒരുക്കുക.

‍ടെർമിനൽ ഹരിതകെട്ടിടമാക്കി മാറ്റംവരുത്തി മനോഹരമാക്കും. കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവുംകൂടെ രൂപകല്പനയിൽ ഉൾപ്പെടുത്തും. ഇരട്ട ടെർമിനലിൽ ഹോട്ടലും മറ്റ് വാണിജ്യ സ്ഥാപനങ്ങളുമുണ്ടാവും. എട്ടുമാസംകൊണ്ട് എല്ലാം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബസ് ഓപ്പറേറ്റിങ് സെന്ററുള്ള നില ഒഴികെ ബാക്കിയെല്ലാം അലിഫ് ബിൽഡേഴ്‌സിന്റെ അധീനതയിലായിരിക്കും.


യാഥാര്‍ഥ്യമാവുന്നത് ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

2015-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് ടര്‍മിനല്‍ ആറുവര്‍ഷത്തെ അനിശ്ചിതത്വത്തിനും നിയമക്കുരുക്കുകള്‍ക്കുമൊടുവിലാണ് ഇപ്പോള്‍ കൈമാറുന്നത്.മടക്കിനല്‍കേണ്ടാത്ത 17 കോടിരൂപയുടെ നിക്ഷേപത്തിനും പ്രതിമാസം 43.2 ലക്ഷം രൂപ വാടകയ്ക്കുമാണ് അലിഫ് ബില്‍ഡേഴ്സിന് 30 വര്‍ഷത്തേക്ക് കെട്ടിടം ലേലത്തില്‍ നല്‍കുന്നത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ 10 ശതമാനം വീതം വര്‍ധനയുമുണ്ടാവും. ശാപമോക്ഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.അഴിക്കുംതോറും കുരുക്കുകള്‍ മുറുകുന്ന അവസ്ഥയായിരുന്നു. നൂലാമാലകള്‍ ഒഴിവാക്കിയെടുക്കാന്‍ കാലമെടുത്തു.2015 മുതല്‍ നാല് ടെന്‍ഡറുകളാണ് വിളിച്ചത്.അതില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ ആരും പങ്കെടുത്തില്ല.മൂന്നാമത്തേത് നിയമക്കുരുക്കിലായി.നാലാമത്തെ ടെന്‍ഡര്‍ 2018-ല്‍ ഉറപ്പിച്ചെങ്കിലും അതും ഒട്ടേറെ തര്‍ക്കങ്ങളില്‍പ്പെട്ട് മൂന്നുവര്‍ഷത്തോളം നീണ്ടുപോയി. ബസ് കയറാനെത്തുന്നവര്‍ക്ക് ചായകുടിക്കണമെങ്കില്‍ പോലും റോഡുമുറിച്ചുകടക്കേണ്ട അവസ്ഥയായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ആറുവര്‍ഷമായുണ്ടായിരുന്ന കറുത്ത മറുകാണ് മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.