കോഴിക്കോട്: ചായക്ക് 40 രൂപ ഊണിന് 95 രൂപ ഇങ്ങനെ പോകും കോഴിക്കോട് നഗരത്തിലെ പല ഹോട്ടലുകളിലെയും വില. പൈതൃക ഹോട്ടൽ എന്ന മറവിലാണ് പല ഹോട്ടലുകളിലും ഉപഭോക്താക്കളിൽനിന്ന്‌ അന്യായമായി വില ഈടാക്കുന്നത്. 35 രൂപയ്ക്ക് ഊൺ കിട്ടുന്ന നഗരത്തിലാണ് ഈ പകൽക്കൊള്ള. പഴയ കെട്ടിടവും മരക്കസേരയുമുണ്ടായാൽ പിന്നെ തോന്നുന്ന വില ഈടാക്കാമെന്നതാണ് അവസ്ഥ.

കൃത്യമായ ചട്ടങ്ങൾക്കനുസരിച്ച് ടൂറിസം വകുപ്പാണ് പൈതൃക ഹോട്ടലുകൾക്ക് അംഗീകാരം നൽകുന്നത്. ഹോട്ടലിന്റെ അന്തരീക്ഷം, വാസ്തു വിദ്യ, സൗകര്യങ്ങൾ തുടങ്ങിയെല്ലാം അടിസ്ഥാനപ്പെടുത്തിയാണിത്.

കെട്ടിടങ്ങൾക്ക് 50 വർഷമെങ്കിലും പഴക്കം ആവശ്യമാണ്. കെട്ടിടത്തിന്റെ വാസ്തുവിദ്യയിലും നിർമാണത്തിലും പഴമ നിലനിർത്തുക, നേരത്തേ ബിസിനസ്സ് സംബന്ധമായ കെട്ടിടമാകുക, ആറു റൂമുകൾ ഉണ്ടായിരിക്കുക തുടങ്ങി ഒട്ടേറേ നിബന്ധനകൾ ഇവയ്ക്കുണ്ട്. ഇതുകൂടാതെ കോർപ്പറേഷനിൽ നിന്നും ലഭിക്കുന്ന ഡി ആൻഡ് ഒ ലൈസൻസ്, ടൂറിസം വകുപ്പിൽ നിന്നും ലഭിക്കുന്ന ഹെറിറ്റേജ് ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ആവശ്യമാണ്.

എന്നാൽ ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് പലതും പ്രവർത്തിക്കുന്നത്. എല്ലാ മേശകളിലും മെനു കാർഡോ വില വിവരപ്പട്ടികയോ പലതിലുമില്ല. കോർപ്പറേഷന്റെ ഡി ആൻഡ്‌ ഒ ലൈസൻസ് മാത്രമാണുള്ളത്. എ.സി. പോലുമില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ വലിയ വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തി സ്ട്രീറ്റിലെ ഒരുഹോട്ടലിൽനിന്ന് രണ്ടു കട്ടൻചായ കഴിച്ച എം.പി. ശ്രീജിത്ത് കുമാറിന് ജി.എസ്.ടി. അടക്കം 92 രൂപയുടെ ബില്ലാണ് നൽകിയത്. ഒരു കട്ടൻ ചായക്ക് 40 രൂപയാണ് വില ഇടാക്കിയത്. ജി.എസ്.ടി.യുടെ കണക്ക് കൃത്യമാക്കുന്ന ബില്ലോ മാനുവൽ ബില്ലോ ഇവർക്ക് കൊടുത്തിരുന്നില്ല. ആവശ്യപ്പെട്ടപ്പോൾ ഓർഡർ എടുക്കുന്ന പോക്കറ്റ് ബുക്കിൽ എഴുതി കൊടുക്കുകയായിരുന്നു.

ആർക്ക് പരാതി നൽകാം

ഹോട്ടലുകളിലോ മറ്റു സ്ഥാപനങ്ങളിലോ വിലയുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ സിവിൽ സപ്ലൈസ് ഓഫീസിൽ വില നിയന്ത്രണ കമ്മിറ്റിയിൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം. ഭക്ഷണം സംബന്ധിച്ചുള്ള പരാതികൾക്കും വൃത്തിയില്ലാത്ത സാഹചര്യമുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിനും കോർപ്പറേഷൻ ആരോഗ്യ വകുപ്പിനെയും അറിയിക്കാം.

വില വിവരപ്പട്ടിക വേണം

ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിൽ വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമുണ്ട്. ഇത് പ്രസിദ്ധീകരിക്കാത്തതിനാൽ ഹോട്ടലിനെതിരേ നടപടികൾ സ്വീകരിക്കും.

ഡോ.ആർ.എസ്. ഗോപകുമാർ

ഹെൽത്ത് ഓഫീസർ

വില ഈടാക്കുന്നത് ഗുണമേന്മയ്‌ക്കനുസരിച്ച്

ഭക്ഷണത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഗുണമേന്മ കണക്കാക്കിയാണ് ഓരോ സ്ഥാപനങ്ങളും വില ഈടാക്കുന്നത്. ഇത്ര രൂപയെന്ന് നിശ്ചയിക്കാനാവില്ല. എന്നാൽ കൃത്യമായ ബില്ലും ജി.എസ്.ടി. നമ്പറും ആവശ്യമാണ്.

മുഹമ്മദ് സുഹൈൽ

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ജില്ലാ പ്രസിഡന്റ്