കോഴിക്കോട്: ആട്ടിയോടിക്കപ്പെടുന്ന ദ്രാവിഡ ജീവിതത്തെക്കുറിച്ചുള്ള ചിത്രങ്ങളുമായി വി.എസ്. അജയന്റെ ചിത്രപ്രദർശനം. ‘ദ്രവീഡിയ’ എന്നപേരിൽ ലളിതകലാ ആർട്ട്‌ ഗാലറിയിൽ തുടങ്ങിയ പ്രദർശനം ദ്രാവിഡരുടെ സഹനത്തിന്റെയും പാർശ്വവത്കരണത്തിന്റെയും കഥകൾ പറയുന്നു. അക്രലിക്കിൽ വരച്ച 11 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

തനത് സംസ്കാരവും ആധുനികീകരണവും ദ്രാവിഡ ജീവിതത്തിലുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളിലേക്ക് സൂചന നൽകുന്നതാണ് മിക്ക ചിത്രങ്ങളും. മാൻ വിത്ത് മദർ ആർക്കിടൈപ്‌, സൈൻസ് ഓഫ് ലവ് തുടങ്ങിയവ ഉദാഹരണം. പലതരത്തിലുള്ള അടിച്ചമർത്തലുകൾക്കിടയിലും പ്രകൃതിയെ കൈവിടാത്ത ആദിമമനുഷ്യരെ ചിത്രീകരിക്കുന്നതാണ് ‘വൺ ഫാളിങ് ഓൺ പീസ്’. രാജ്യത്ത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന ശ്രമങ്ങളിലേക്ക് സൂചന നൽകുന്നതാണ് ‘എക്സ്‌ക്ലൂഷൻ’. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അജയൻ പറയുന്നു. കോൺവെർസേഷൻ വിത്ത് ലൈറ്റ്, ഒഡിയൻ, ദ മിറാഷ് തുടങ്ങിയവയും അടിസ്ഥാനവർഗത്തിന്റെ പ്രതിസന്ധികളിലേക്ക് വിരൽചൂണ്ടുന്നതാണ്.

ആകാശം മേൽക്കൂരയാക്കി ജീവിക്കുന്ന ജിപ്‌സികളെക്കുറിച്ച് പറയുന്ന ‘സോങ് ഓഫ് ജിപ്‌സീസ്’, ആശയങ്ങൾക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെക്കുറിച്ചുള്ള ‘അപോസ്റ്റസി’ എന്നിവയും പ്രദർശനത്തിലുണ്ട്. പ്രദർശനം ഞായറാഴ്ച വരെ തുടരും. ചൊവ്വാഴ്ച കെ. പ്രഭാകരനാണ് ഉദ്ഘാടനംചെയ്തത്.