കോഴിക്കോട്: ശരിക്കും പെട്ടു, എന്നുപറഞ്ഞാൽ മതിയല്ലോ. പുതിയൊരു ഉപജീവനമാർഗമെന്ന നിലയിൽ വൈദ്യുതിഓട്ടോ വാങ്ങിയവരാണ് ഇപ്പോൾ വായ്പയടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നത്. ഓട്ടമില്ലാത്തതാണ് പ്രശ്നമെന്നു കരുതേണ്ട. ഓടാൻ നിലവിലുള്ള ഓട്ടോക്കാർ അനുവദിക്കാത്തതും സ്റ്റാൻഡിൽ വണ്ടി ഇടാൻ സമ്മതിക്കാത്തതുമൊക്കെയാണ്.

പരിസ്ഥിതി മലിനീകരണമില്ല, ചെലവു കുറവ്, സർക്കാർ നൽകുന്ന പ്രോത്സാഹനം എന്നിവയൊക്കെയായിരുന്നു പുതിയ വാഹനം സ്വന്തമാക്കാൻ പ്രേരണയായത്. എന്നാൽ മാറ്റം ഉൾക്കൊള്ളാൻ പഴയ സഹപ്രവർത്തകർപോലും തയ്യാറാവുന്നില്ലെന്ന് അവർ പരിഭവം പറയുന്നു.

വൈദ്യുതിഓട്ടോ സ്വന്തമാക്കിയ 18 പേർ വ്യാഴാഴ്ച യോഗം ചേർന്നു. സ്വന്തം ഓട്ടോറിക്ഷകളുമായാണ് അവർ യോഗത്തിനെത്തിയത്. ഇവരിൽ അഞ്ചുപേർ നഗരത്തിൽ ഓടാൻ പെർമിറ്റുള്ളവരാണ്. സാധാരണ ഓട്ടോറിക്ഷകൾ വിറ്റാണ് അവർ വൈദ്യുതിവാഹനം സ്വന്തമാക്കിയത്.

കോർപ്പറേഷനെ സമീപിച്ചപ്പോൾ ബീച്ചിൽ പുതിയൊരു സ്ഥലത്ത് സ്റ്റാൻഡ് തുടങ്ങാൻ അനുമതി നൽകി. പക്ഷേ, ജില്ലയുടെ വിവിധസ്ഥലങ്ങളിൽ നിന്ന് അവിടെയെത്തി ഓടാനാവില്ല. ഒരുപ്രാവശ്യം ചാർജ് ചെയ്താൽ പരമാവധി 130 കിലോമീറ്ററാണ് കിട്ടുന്നത്. റെയിൽവേ സ്റ്റേഷനിലേക്കും മറ്റും ഓട്ടംപോയാൽ തിരികെ കാലിയായി പോരണം. ആളെക്കയറ്റാൻ അവിടെയുള്ള ഓട്ടോക്കാർ സമ്മതിക്കില്ല. കോർപ്പറേഷൻ സെക്രട്ടറിയെക്കണ്ട് വീണ്ടും പരാതി ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. ബീച്ചിൽ അനുവദിച്ച സ്ഥലം വേണ്ടെന്നു വെക്കാനും തീരുമാനിച്ചു.

പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ചെറുസംരംഭം തുടങ്ങിയ തങ്ങൾ ഇനിയെന്തു ചെയ്യുമെന്ന് വിവരാവകാശനിയമപ്രകാരം ചോദിക്കാൻ തീരുമാനിച്ചു. ഓടാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. മറ്റ് ഓട്ടോറിക്ഷകൾ ഓടുന്ന സ്റ്റാൻഡിൽ സിറ്റി പെർമിറ്റുള്ളവരെ ഓടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. ജീവിക്കാൻ അനുവദിക്കണമെന്ന് വിവിധ യൂണിയൻ നേതാക്കളെക്കണ്ട് ആവശ്യപ്പെടും.

ലൈനിൽ വണ്ടി ഇടാൻ അനുവദിക്കാത്തതിനാൽ ഓട്ടം തീരെ കിട്ടുന്നില്ല. രണ്ടുമാസ തവണകളായി 16,000 രൂപവരെ കുടിശ്ശിക വന്നവരുണ്ട്. സ്വയംതൊഴിൽ കണ്ടെത്താൻ ശ്രമിച്ചവരും ഭാര്യയുടെ സ്വർണം പണയം വെച്ചവരുമൊക്കെ യോഗത്തിൽ പ്രാരാബ്ധങ്ങൾ അക്കമിട്ടു നിരത്തി.

ഭാരവാഹികൾ: കെ.ടി. ഷാജു (പ്രസി.), പി.എം. രാജേഷ് (വൈസ് പ്രസി.), എൻ.എം. പ്രകാശൻ (സെക്ര.), ശബരീഷ് കോഴിക്കോട് (ജോ. സെക്ര.), കെ. വിഷ്ണു (ഖജാ.).