കോഴിക്കോട്: ‘‘ഇത്ര ദിവസത്തിനുശേഷം വീട്ടിലെത്തിയ സന്തോഷം. അതിനെ ഇരട്ടിയാക്കി കൂട്ടുകാർ മിക്കവരും കാണാനെത്തി. ഒരുപാട് സന്തോഷം തോന്നുന്നു’’ -അജന്യ പറഞ്ഞുകൊണ്ടേയിരുന്നു.

നിപ വൈറസിൽനിന്ന് മുക്തയായി തിങ്കളാഴ്ചയാണ് അജന്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്. ഇന്റേൺഷിപ്പിനായി മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് അജന്യയ്ക്ക് നിപ പിടിപെട്ടത്. ഉള്ളിൽക്കടന്ന വൈറസിനുനേരെ അബോധാവസ്ഥയിലും ബോധാവസ്ഥയിലും ചെറുത്തുനിന്ന ദിനങ്ങൾ. രോഗം മാറിയിട്ടും വീണ്ടും വീണ്ടും ഉറപ്പുവരുത്താനായി ഒറ്റയ്ക്കൊരു മുറിയിൽ വീണ്ടും കാത്തിരിപ്പ്.

തിരിച്ച് വീട്ടിലേക്ക് പോകുംമുന്പ് അവൾ ഇടയ്ക്കിടെ പറഞ്ഞത് പുറത്തിറങ്ങി കൂട്ടുകാരെ കാണുന്നതിനെക്കുറിച്ചായിരുന്നു. ഫോണിലൂടെ മണിക്കൂറുകൾ അവളോട് സംസാരിച്ചിരുന്ന അനിയൻറെ അടുത്ത് എത്തുന്നതിനെക്കുറിച്ചായിരുന്നു.

നിപയെന്ന വൈറസിനെ ഭയന്ന് ഒരു സമൂഹം മുഴുവൻ നിന്നപ്പോൾ എല്ലാ മനസ്സിലേക്കും ഒരുപോലെ വന്ന ആശ്വാസവാക്കായിരുന്നു അജന്യ എന്ന പേര്. കുറച്ചുദിവസംകൂടി വിശ്രമിച്ചശേഷം കൂട്ടുകാർക്കിടയിലേക്ക് വീണ്ടും ഓടിച്ചെല്ലാൻ തയ്യാറെടുക്കുകയാണ് സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അജന്യ.

രാവിലെ മെഡിക്കൽ കോളേജിൽനിന്ന്‌ അജന്യയെ വീട്ടിലേക്ക് യാത്രയാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാർ ഉൾപ്പെടെയുള്ള ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിരുന്നു.