എഴുപത്തിയഞ്ചിൽ കൃഷ്ണന് തെങ്ങുകയറ്റത്തിൽ ഷഷ്‌ടി പൂർത്തിരാമനാട്ടുകര: 75 വയസ്സ് പിന്നിട്ട പാറമ്മൽക്കാരുടെ സ്വന്തം തെങ്ങു കയറ്റക്കാരനായ വടക്കേതൊടി കൃഷ്ണൻ ജീവിതത്തിൽ ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടില്ല. എന്നാൽ തന്റെ ജോലിയായ തെങ്ങുകയറ്റത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ്. 60 വർഷത്തോളമായി തെങ്ങ് കയറ്റ ജോലിയിൽ സജീവമായി രംഗത്തുള്ള കൃഷ്ണനെ വയോജന ദിനമായ ഒക്ടോബർ ഒന്നിന് പാറമ്മൽ വായന ശാല അനുമോദിക്കുകയാണ്.

പതിനാറാം വയസ്സിലാണ് കൃഷ്ണൻ ആദ്യമായി തെങ്ങ് കയറ്റജോലി തുടങ്ങിയത്. എഴുപത്തിയഞ്ചിലും അതേ ജോലിയിൽ തുടരുന്നു. തെങ്ങ് പാട്ടത്തിന് എടുക്കുന്ന തേങ്ങാ ക്കച്ചവടക്കാരുടെ തോട്ടത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ജോലി. ഈ സമ്പ്രദായം കുറഞ്ഞതോടെ ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിൽ തേങ്ങ പറിക്കുവാൻ പോയിത്തുടങ്ങി. രാവിലെ ആറു മണിക്ക് ജോലിക്ക് പോകുന്ന കൃഷ്ണൻ മുമ്പൊക്കെ ദിവസേന 100 തെങ്ങുവരെ കയറുമായിരുന്നു. ഇപ്പോൾ ശരാശരി 30 തെങ്ങുകളിലെ കയറാറുള്ളു.

60 വർഷത്തെ ജോലിക്കിടയിൽ ഒരു തവണയാണ് തെങ്ങ് തന്നെ ചതിച്ചതെന്ന് കൃഷ്ണൻ പറയുന്നു. ജോലിക്കിടെ അപകടത്തിൽപ്പെട്ടു മൂന്നുമാസത്തോളം കിടപ്പിലായി. സന്തതസഹചാരിയായ സൈക്കിളുമായിട്ടാണ് തേങ്ങ വലിക്കുവാൻ പോകുക. സൈക്കിളിന് പിന്നിൽ കൊടുവാൾവെച്ചായിരുന്നു യാത്ര. മാറാട് കലാപസമയത്ത് അഴിഞ്ഞിലത്ത് വെച്ച് പോലീസ് പിടിച്ചു. മാരകായുധമായ കൊടുവാൾ സഞ്ചിയിലാക്കി കൊണ്ടുപോകാൻ ഉപദേശിച്ചു. അതിനുശേഷം കൊടുവാൾ സഞ്ചിയിൽ ആക്കി സൈക്കിളിൽ തൂക്കിയാണ് യാത്ര. ‘‘ആരോഗ്യം ഉള്ള സമയത്തോളം ഈ ജോലിയിൽ തുടരണമെന്നാണ് ആഗ്രഹം. ഒരു ദിവസം തെങ്ങിൽ കയറിയില്ലെങ്കിൽ വല്ലാത്ത നിരാശതോന്നും’’, കൃഷ്ണൻ പറയുന്നു. കാരാട്, പുതുക്കോട്, രാമനാട്ടുകര, അഴിഞ്ഞിലം, പാറമ്മൽ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരുടെ സ്ഥിരം തെങ്ങുകയറ്റക്കാരൻ ആണ് കൃഷ്ണൻ.