കോഴിക്കോട്: മൊയ്തീന്‍പള്ളി റോഡില്‍ കഴിഞ്ഞദിവസമുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അഗ്‌നിരക്ഷാസേനയുടെ സുരക്ഷാ പരിശോധനയുടെ സമഗ്ര ഫയര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് നല്‍കി. തീപ്പിടിത്തമുണ്ടായ മേഖല വളരെ ഇടുങ്ങിയതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപോലും അസൗകര്യമുണ്ടാകുംവിധമുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.

ഇവിടെയുള്ള റോഡിലെ ഇരുഭാഗങ്ങളിലുമുള്ള പാര്‍ക്കിങ് അസൗകര്യമുണ്ടാക്കുന്നുണ്ട്. കച്ചവടക്കാര്‍ പുറത്തേക്ക് സാധനങ്ങള്‍ ഇറക്കിവച്ചാണ് കച്ചവടം നടത്തുന്നത്.

കാല്‍നടയാത്രക്കാര്‍ക്കുള്ള വഴികള്‍ ഇടുങ്ങിയതാണ്. ചില കച്ചവടകേന്ദ്രങ്ങളുടെ താഴത്തെ നിലയില്‍ ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവ കെട്ടിവെച്ച് അതിനടിയില്‍പോലും സാധനങ്ങള്‍ കച്ചവടം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റീജണല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷാണ് റിപ്പോര്‍ട്ട് തിങ്കളാഴ്ച കളക്ടര്‍, മേയര്‍, അഗ്‌നിരക്ഷാസേനാ ഡയറക്ടര്‍ ജനറല്‍, നഗരത്തിലെ മൂന്ന് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുനല്‍കിയത്.

ഭാവിയില്‍ തീപ്പിടിത്തമുണ്ടായാല്‍ അതിന് എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം, നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്, ഇതിന്റെ പോരായ്മകള്‍ എന്തൊക്കെ, അവ എങ്ങനെ പരിഹരിക്കാം, തീപ്പിടിത്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് മൂന്നുവരെ തുടര്‍ന്നു. മിഠായിത്തെരുവിനടുത്തുള്ള മൊയ്തീന്‍പള്ളി റോഡിലെ വി.കെ.എം. ബില്‍ഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാനാണ് തിങ്കളാഴ്ച അഗ്‌നിരക്ഷാസേനയെത്തിയത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിലെ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ളവരാണ് പരിശോധന നടന്നത്.

തീപ്പിടിത്തകാരണം എന്തെന്ന് ഫൊറന്‍സിക് അധികൃതരുടെ റിപ്പോര്‍ട്ടുകിട്ടിയാല്‍മാത്രമേ വ്യക്തമാവുകയുള്ളൂ. വെള്ളിയാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. കെ.എസ്.ഇ.ബി. വിദഗ്ധ സംഘവും അഗ്‌നിരക്ഷാസേനയും നേരത്തേ പ്രാഥമികപരിശോധന നടത്തിയിരുന്നു. വ്യാപാരികള്‍ക്ക് സുരക്ഷാനിര്‍ദേശങ്ങളും നല്‍കി.

തീപ്പിടിത്തത്തില്‍ കെട്ടിടത്തിലെ ഗോഡൗണില്‍ സൂക്ഷിച്ച ചെരിപ്പുകള്‍ കത്തിനശിച്ചിരുന്നു. വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളുടെ ഏഴുയൂണിറ്റുകളെത്തി ഒന്നരമണിക്കൂറിനുശേഷമാണ് തീയണച്ചത്.