കോഴിക്കോട് : കോവിഡ് വ്യാപനകാലത്ത് സമ്പർക്കവലയത്തിൽപ്പെട്ടവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനമൊരുക്കി ജില്ലാഭരണകൂടം. കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ കൂട്ടിച്ചേർത്ത 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസി’ലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോൺ നമ്പറും നിമിഷങ്ങൾക്കകം രേഖപ്പെടുത്താൻ കഴിയും. 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസ്' വ്യാഴാഴ്ച പോർട്ടലിൽ സജ്ജമായി.

'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസി'ൽ രജിസ്റ്റർചെയ്യുമ്പോൾ സ്ഥാപനങ്ങൾക്ക് ഒരു യുസർനെയിമും പാസ് വേർഡും ലഭിക്കും.

ഇതുപയോഗിച്ച് കോവിഡ് ജാഗ്രതാപോർട്ടലിൽനിന്ന് ക്യുആർ കോഡ് ഡൗൺലോഡ് ചെയ്തെടുക്കാം. പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളിൽ വെക്കാം. സ്ഥാപനങ്ങളിലെത്തുന്നവർ അവരുടെ മൊബൈൽഫോൺവഴി ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വിവരങ്ങൾ കോവിഡ്ജാഗ്രതാപോർട്ടലിൽ ഇവരുടെ വിവരങ്ങൾ രജിസ്റ്ററാകും.

പൊതു ഇടങ്ങളിൽ എത്തുന്നവരിൽ, കോവിഡ് പോസിറ്റാവുന്നവരെ ഉടൻ കണ്ടെത്താനും സഞ്ചാരപഥം തിരിച്ചറിയാനും 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസി'ലൂടെ കഴിയും.

കളക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻഫോർമാറ്റിക് സെന്ററാണ്‌(എൻ.ഐ.സി.) കോവിഡ് ജാഗ്രതാ പോർട്ടൽ തയ്യാറാക്കിയത്.