കോഴിക്കോട് : ബാങ്ക് ജപ്തിചെയ്ത വീടിന്റെ കോലായിലും മുറ്റത്തുമായി ജീവിക്കുന്ന വേലായുധനെയും കുടുംബത്തെയും പുനരധിവസിപ്പിക്കാൻ ജില്ലാ കളക്ടറും സാമൂഹികനീതി ജില്ലാ ഓഫീസറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട് ചേവരമ്പലം തായാട്ടുപൊയിൽ കോളനിയിൽ വി.കെ. വേലായുധനെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശിച്ചത്. വീട് ജപ്തിചെയ്ത ബാങ്കിന്റെ ശാഖാ മാനേജർ 30 ദിവസത്തിനകം കമ്മിഷൻ ഓഫീസിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മാതൃഭൂമി വാർത്തയെത്തുടർന്ന് സ്വമേധയാ കേസെടുത്തുകൊണ്ടാണ് നടപടി.

ജില്ലാകളക്ടറുടെ നിർദേശപ്രകാരം ചേവായൂർ വില്ലേജ് ഓഫീസർ വേലായുധന്റെയും കുടുംബത്തിന്റെയും സ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകി.