കോഴിക്കോട്: 'കുളത്തിലും മറ്റും വളർത്തുന്ന മീനിന് രുചിയുണ്ടാകുമോ...എന്തോ ചുവയുണ്ടാകില്ലേ' എന്ന് ആലോചിച്ച് വളർത്തുമീൻ വാങ്ങാത്തവർ ഇപ്പോൾ അങ്ങനെ പറയില്ല. ലോക്ഡൗൺകാലം തുടങ്ങിയപ്പോൾമുതൽ വളർത്തുമീനിന് ആവശ്യക്കാരേറി. പൊതുവേ മീൻ കുറഞ്ഞ ഈ സാഹചര്യത്തിൽ മീൻ ചോദിച്ചെത്തുന്നവർ ഏറിയെങ്കിലും കൊടുക്കാൻ തികയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

‘'സീസണിൽ ആയിരം കിലോയ്ക്കടുത്തൊക്കെ നേരത്തേ മീൻവിറ്റിട്ടുണ്ട്. ഒരുദിവസംതന്നെ 80,000 രൂപയുടെ മീൻവിറ്റ ദിവസവുമുണ്ടായിട്ടുണ്ട്. ഇനീപ്പോ ഉള്ള മീൻ അടുത്തമാസത്തോടെ വിൽക്കാൻ പറ്റുന്നവയാണ്...''- കക്കോടി മാടത്തുംപാറയിൽ നാലുവർഷമായി മീൻകൃഷി നടത്തുന്ന എം.പി. സശോഭ് പറഞ്ഞു. സുഹൃത്തുക്കൾ ചേർന്നാണ് കൃഷി. രണ്ടിടങ്ങളിലായി നാലുകുളവുമുണ്ട്. “പുറത്ത് മാർക്കറ്റുകളിൽ കൊടുക്കാൻ പറ്റാറില്ല. പ്രാദേശികമായിതന്നെ വിൽക്കും. ഒരുപാടു പേർ മീൻ തേടിവരാറുണ്ട്. രാസവസ്തുക്കളൊന്നുമില്ലാത്തതിനാൽ ആളുകൾ വിശ്വാസത്തോടെ വാങ്ങും...”-സശോഭ് പറയുന്നു.

ലോക്ഡൗണിൽ മീൻലഭ്യത കുറഞ്ഞു, കേടായ മീൻ പലഭാഗങ്ങളിൽനിന്ന് പിടിച്ചു. അതോടെ ആളുകൾ വളർത്തുമീനുകൾ കൂടുതലായി വാങ്ങാൻതുടങ്ങി. ഒരിക്കൽ വാങ്ങിയവർ തന്നെയാണ് പിന്നെയും മീൻ ചോദിച്ചുവരുന്നവരിലേറെയെന്നാണ് കർഷകരുടെ അഭിപ്രായം. ലോക്ഡൗൺ സമയത്തുതന്നെ ഉള്ള മീനെല്ലാം വിറ്റുതീർന്നെന്നാണ് പിലാശ്ശേരിയിലെ അനന്തു രമേഷ് പറയുന്നത്. 25-30 കിലോ മീനൊക്കെയാണ് ദിവസവും വിറ്റത്. ഓണമാകുമ്പോഴേക്കും കുറച്ച് മീൻ വിൽക്കാനുണ്ടാകും. ഇപ്പോൾ മീൻകുഞ്ഞുങ്ങളെകൂടി വിൽക്കാൻ തുടങ്ങിയിരിക്കുകയാണ് ബിരുദവിദ്യാർഥിയായ അനന്തു.

രോഹു, കട്‌ല, കരിമീൻ, ഗിഫ്റ്റ്, അസാം വാള, നട്ടർ എന്നിവയെല്ലാം പലരും വളർത്തുന്നുണ്ട്. കിലോയ്ക്ക് 250 രൂപ മുതൽ വിലയുണ്ട്. കരിമീനിനുതന്നെ 350 രൂപ മുതൽ 600 രൂപ വരെയാണ് വില. മറ്റുള്ളതിന് 200-250 ന് മുകളിൽ വരും. നല്ലയിനം ഗിഫ്റ്റിന്റെ സ്വാദ് കരിമീനിന് മുകളിൽ നിൽക്കുമെന്നാണ് കർഷകർ പറയുന്നത്.ആറുമാസംകൊണ്ട് വളർച്ചയെത്തും. ഓരോന്നും 200-250 ഗ്രാം മുതൽ ഒരു കിലോയ്ക്കടുത്ത് വരെ തൂക്കം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ആയിരം അസാം വാളക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരുവർഷംകൊണ്ട് ഒരു ടൺ ഉത്‌പാദനം കിട്ടുമെന്നാണ് കണക്ക്.

മീൻവിത്ത് നല്ലതായിരിക്കണം. എങ്കിലേ കൃഷിയും നല്ലതാവൂ. ഈ മേഖലയിൽ പരിചയമുള്ളവരുടെ സഹായത്തോടെ വേണം കൃഷിയിലിറങ്ങാനെന്നാണ് കർഷകർ പറയുന്നത്. കൃഷി തുടങ്ങിയപ്പോൾ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് ചെലപ്രത്തെ എബ്രഹാം മാത്യു പറഞ്ഞു. കുളം, പടുതാക്കുളം രീതി(കൃത്രിമക്കുളം), ഇരുമ്പുചട്ടക്കൂടുകൊണ്ട് ടാർപോളിൻ ചെയ്തുള്ള ബയോഫ്‌ളോക്ക്, പച്ചക്കറിയും മീനും ഒന്നിച്ചുകൊണ്ടുപോകുന്ന അക്വാപോണിക്‌സ് തുടങ്ങിയ രീതികളാണ് പലരും പിന്തുടരുന്നത്.

അഞ്ചുഡോക്ടർമാരടക്കം 12 ആരോഗ്യപ്രവർത്തകർകൂടി ക്വാറന്റീനിൽ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരടക്കം 12 ആരോഗ്യപ്രവർത്തകർകൂടി ക്വാറന്റീനിൽ പ്രവേശിച്ചു.

ത്രിതല കാൻസർ സെന്ററിലെ രോഗി കോവിഡ് പോസിറ്റീവായതോടെയാണ് വാർഡിൽ ഡ്യൂട്ടിയെടുത്ത ഡോക്ടർമാരടക്കമുള്ള 12 ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചത്. കഴിഞ്ഞദിവസം ഇവിടെനിന്ന് നാല് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പോയിരുന്നു. ടി.സി.സി.യിലെ ഒ.പി.വിഭാഗം താത്‌കാലികമായി അടച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവായതിൽ ആറുപേർ ഡോക്ടർമാരും നാല് നഴ്‌സുമാരും നാല് ആരോഗ്യപ്രവർത്തകരുമാണ്.

കോവിഡ് ഇതര വാർഡുകളിൽ ആകെ ആറുരോഗികൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.