കോഴിക്കോട് : കോവിഡ് ഭീഷണിയിൽ നിൽക്കുന്ന ഈ സമയത്തെ ബലിപെരുന്നാളിന് ജാഗ്രതയും സമർപ്പണ മനസ്സും വിശ്വാസികൾക്ക് ഉണ്ടാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ. ത്യാഗത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ. ജീവിതത്തിൽ വലിയ ത്യാഗങ്ങൾ അനുഷ്ഠിച്ച്‌ ദൈവികകല്പന മുറുകെപ്പിടിച്ച ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും സേവനങ്ങളെ നിതാന്തമാക്കി നിലനിർത്തുകയാണ് ബലിപെരുന്നാളിലൂടെ. അതിനാൽ വിട്ടുവീഴ്ചകളിലൂടെയും ത്യാഗങ്ങളിലൂടയും ഈ പ്രയാസ കാലത്തെ നാം അതിജീവിക്കണം.

കോവിഡ് കാരണം വിഷമത്തിലായ കുടുംബങ്ങൾക്ക് സഹായങ്ങൾ ചെയ്യാൻ ഈ ബലിപെരുന്നാൾ ഉപയോഗപ്പെടുത്തണം. സർക്കാർ മാനദണ്ഡം പൂർണമായും അനുസരിച്ചാവണം ഉദ്‌ഹിയ്യതും പെരുന്നാൾ നിസ്കാരവുമെന്നും അദ്ദേഹം പറഞ്ഞു.