കോഴിക്കോട് : ഏതു സാമൂഹിക പശ്ചാത്തലമുള്ളവർക്കും കടന്നുവരാവുന്ന മേഖലയാണ് സിവിൽ സർവീസെന്നും ആർക്കും വിജയിക്കാവുന്ന പരീക്ഷയാണിതെന്നും കുടുംബശ്രീ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ. മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ സമയത്ത് തീരുമാനമെടുക്കാനും പരീക്ഷയ്ക്ക് ചിട്ടയായി തയ്യാറെടുക്കാനും കഴിയുന്നവർക്ക് വിജയമുറപ്പിക്കാമെന്ന് ‘സിവിൽ സർവീസ് എന്ന ലക്ഷ്യം എത്ര അകലെ’ എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ അദ്ദേഹം പറഞ്ഞു. വെബിനാറിൽ രജിസ്റ്റർചെയ്തവരുടെയും ഫെയ്സ് ബുക്ക് ലൈവിൽ പങ്കെടുത്തവരുടെയും സംശയങ്ങൾക്ക് ഹരികിഷോർ മറുപടി നൽകി. ക്ലബ്ബ് എഫ്.എം. ആർ.ജെ. റോഷ്‌നി മോഡറേറ്ററായി. തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ്. അക്കാദമിയുമായി സഹകരിച്ചാണ് വെബിനാർ സംഘടിപ്പിച്ചത്.