കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ രണ്ടു ഡോക്ടർമാരടക്കം നാല് ആരോഗ്യപ്രവർത്തകർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ത്രിതല കാൻസർ സെന്ററിലെ രണ്ടുഡോക്ടർമാർക്കും നഴ്‌സിനും ഫാർമസിസ്റ്റുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ത്രിതല കാൻസർ സെന്ററിലെ നാല് ആരോഗ്യപ്രവർത്തകർ പോസിറ്റീവായതോടെ ആശുപത്രിയുടെ പ്രവർത്തനം താത്‌കാലികമായി നിർത്തിവച്ചു. വ്യാഴാഴ്ചത്തെ യോഗത്തിൽ തുടർ നടപടികളെ സംബന്ധിച്ച് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽമെഡിക്കൽകോളേജ് ആശുപത്രിയിൽ ഇതുവരെ നിരീക്ഷണത്തിൽപോയ 339 പേരിൽ അടുത്ത സമ്പർത്തിലായ 88 പേരാണ് ക്വാന്റീനിൽ പ്രവേശിച്ചത്. 251 പേർ നിരീക്ഷണത്തിലാണ്. ഒരു അസിസ്റ്റന്റ് പ്രൊഫസർ, മൂന്ന് ജൂനിയർ റെസിഡന്റ് ഡോക്ടർമാർ, രണ്ട് ഹൗസ് സർജൻമാർ, നാല് സ്റ്റാഫ് നഴ്‌സുമാർ, നഴ്‌സിങ്‌ അസിസ്റ്റന്റ്, ഗ്രേഡ് 2, സെക്യൂരിറ്റി ജീവനക്കാരൻ, ഫാർമസിസ്റ്റ് ഒന്നുവീതം എന്നിങ്ങനെ 14 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്.

അതേസമയം, മൂന്ന്, നാല്, 36, കാർഡിയോളജി, നെഫ്രോളജി എന്നീ വാർഡുകൾ കൺടെയ്ൻമെന്റ് ഏരിയയാക്കി മാറ്റി അടച്ചു. ഇവിടെ നിലവിലുള്ള രോഗികൾ മുഴുവൻ ഡിസ്ചാർജ് ആവുന്നതനുസരിച്ച് വാർഡുകൾ അണുവിമുക്തമാക്കിയശേഷം വീണ്ടും രോഗികളെ പ്രവേശിപ്പിക്കും.

മുക്കത്ത് ഒരാൾക്കുകൂടി കോവിഡ്; നാല് കൺടെയ്ൻമെന്റ് സോണുകൾ

മുക്കം : നഗരസഭയിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കച്ചേരി സ്വദേശിനിയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലെ നഴ്സുമായ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിവരികയാണ്.

അതേസമയം, നഗരസഭയിലെ കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണം നാലായി. ഇരട്ടക്കുളങ്ങര, വെണ്ണക്കോട്, കണക്കുപറമ്പ്, കച്ചേരി എന്നീ ഡിവിഷനുകളാണ് കൺടെയ്ൻമെന്റ് സോണുകൾ. ഇവിടേയ്ക്കുള്ള റോഡുകൾ പൂർണമായും അടച്ചു. ബുധനാഴ്ച രോഗംസ്ഥിരീകരിച്ച കച്ചേരിയിലേക്കുള്ള റോഡുകൾ പൂർണമായും അടയ്ക്കാൻ സാധിച്ചിട്ടില്ല. മുക്കം ഇൻസ്പെക്ടർ ഉൾപ്പടെ അഞ്ചു പോലീസുകാർ ക്വാറന്റീനിൽ പോയതാണ് വിനയായത്. അതേസമയം, ആർ.ആർ.ടി. അംഗങ്ങളുടെ സഹായത്തോടെ റോഡുകൾ അടച്ചുവരികയാണ്.

കണക്കുപറമ്പിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും അതിഥി തൊഴിലാളികൾക്കും വ്യാഴാഴ്ച പരിശോധനാ ക്യാമ്പ് നടത്തും. മുക്കം സി.എച്ച്.സി.യിലാണ് പരിശോധന.

ബലിപെരുന്നാൾ ചടങ്ങുകൾക്ക് നിയന്ത്രണംമുക്കം : നഗരസഭയിൽ പോസിറ്റീവ് കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ, കൺടെയ്ൻമെന്റ് സോണുകളിൽ ബലിപെരുന്നാൾ ചടങ്ങുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. കൺടെയ്ൻമെന്റ് സോണുകളിലെ പളളികളിൽ നിസ്കാരവും ബലികർമവും അനുവദിക്കില്ല. മറ്റു പള്ളികളിൽ രജിസ്റ്റർ സൂക്ഷിച്ച്, നിസ്കരിക്കാനെത്തുന്ന വിശ്വാസികൾ പേരും വിവരവും എഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബലികർമങ്ങളിൽ പങ്കെടുക്കുന്ന അഞ്ചുപേർ വാർഡ് ആർ.ആർ.ടി.കളുടെ കൈവശം പേര് രജിസ്റ്റർചെയ്ത് അനുമതി വാങ്ങണമെന്നും നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു.

കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ്

തിരുവമ്പാടി : കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 62-കാരനും ഭാര്യയ്ക്കും സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്നയാളുടെ ഭാര്യയുടെ പരിശോധനാഫലമാണ് ആദ്യം പോസിറ്റീവായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച ചികിത്സയിൽ കഴിഞ്ഞയാളുടെ ഫലവും പോസിറ്റീവായി. ബുധനാഴ്ച കൂടരഞ്ഞിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ ഇദ്ദേഹത്തിന്റെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഇതോടെ കൂടരഞ്ഞിയിൽ ആകെ രോഗബാധിതരുടെ എണ്ണം ആറായി.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചയാൾ കൂടരഞ്ഞി ടൗണിലെ ഓട്ടോ ഡ്രൈവറാണ്. എന്നാൽ അധികം സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

മെഡിസിൻ വാർഡുമായി ബന്ധപ്പെട്ടവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം

കോഴിക്കോട് : മെഡിക്കൽകോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വാർഡുമായി ബന്ധപ്പെട്ടവർ പഞ്ചായത്ത് കോവിഡ് കൺട്രോൾറൂമിലോ, ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിക്കണം. മെഡിസിൻ വാർഡ് മൂന്ന്, നാല്, 36 എന്നിവയിൽ ചികിത്സയിലുണ്ടായിരുന്നവർ, കൂട്ടിരിപ്പുകാർ, സന്ദർശകർ, വാർഡുകളിൽ ജോലിചെയ്തിരുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇനിയും ആരെയെങ്കിലും ആരോഗ്യപ്രവർത്തകർ ഇതുവരെ ബന്ധപ്പെട്ടില്ലായെങ്കിൽ എത്രയും വേഗം പേര് വിവരം, ഫോൺ നമ്പർ എന്നിവ ബന്ധപ്പെട്ട ആരോഗ്യപ്രവത്തർകരെ വിളിച്ചറിയിക്കേണ്ടതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. കോവിഡ് രോഗലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ഫോൺ: 0495 2371471

ക്വാറന്റീനിൽ കൂടുതലും ഡോക്ടർമാർ

ഒരാഴ്ചമുമ്പ് മെഡിസിൻ വാർഡായ മൂന്ന്, നാല്, 36 വാർഡുകളിൽ ഡ്യൂട്ടിയെടുത്ത 12 ഡോക്ടർമാരക്കം 14 ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഇവരുമായി സെക്കൻഡറി കോൺടാക്ടിലായ 17 ആരോഗ്യപ്രവർത്തകരും ക്വാറന്റീനിലായി.

മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ 64-ഓളം ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ഇതിൽ കൂടുതലും ഡോക്ടർമാരാണ്. ആരോഗ്യപ്രവർത്തകർ പൂർണസുരക്ഷാമുൻകരുതലോടെയാണ് കോവിഡ് വാർഡുകളിൽ ഡ്യൂട്ടിചെയ്യുന്നത്. എന്നാൽ, കോവിഡിതര വാർഡുകളിൽ വേണ്ടത്ര സുരക്ഷാമുൻകരുതൽ സ്വീകരിച്ചിരുന്നില്ല.