കോഴിക്കോട് : ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന അഞ്ച് ഒ.പി.കൾ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ അറിയിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ ചേംബറിൽ ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇവർ.

ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കൺടെയ്ൻമെന്റ് സോണുകളിലും കൂടുതൽ പരിശോധനകൾ നടത്തും.

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 2,000 ബെഡ്ഡുകളുടെ സൗകര്യം ലഭ്യമാക്കും. ഇഖ്റ കൗൺസലിങ്‌ സെന്റർ, ഇഖ്റ പുതിയ ബ്ലോക്ക്, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് നഴ്‌സിങ്‌ ഹോസ്റ്റൽ ബ്ലോക്ക്, മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജ് നഴ്‌സിങ്‌ ഹോസ്റ്റൽ ബ്ലോക്ക് എന്നിവിടങ്ങളിൽ കോവിഡ് ചികിത്സാ സൗകര്യമൊരുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിനംപ്രതി 1,500 കോവിഡ് ടെസ്റ്റുകൾ ചെയ്യാനും ഇവയുടെ ഫലം വേഗത്തിൽ ലഭ്യമാക്കാനും നിർദേശം നൽകി.

ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ സംവിധാനങ്ങളും കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തും. കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.