കോഴിക്കോട് : ജില്ലയിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഒമ്പത് ആരോഗ്യപ്രവർത്തകരുൾപ്പടെ 67 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതിൽ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ മൂന്നുപേർക്കും സമ്പർക്കത്തിലൂടെ 59 പേർക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുകേസുകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതുതായിവന്ന 315 പേർ ഉൾപ്പെടെ ജില്ലയിൽ 10,770 പേർ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ ഇതുവരെ 77961 പേർ നിരീക്ഷണം പൂർത്തിയാക്കി. ബുധനാഴ്ച പുതുതായി വന്ന 140 പേർ ഉൾപ്പെടെ 780 പേർ ആണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 322 പേർ മെഡിക്കൽ കോളേജിലും 131 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 70 പേർ എൻ.ഐ.ടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും 95 പേർ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും 162 പേർ എൻ.ഐ.ടി. മെഗാ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച 2410 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ്

പ്രവർത്തനങ്ങൾ കൺട്രോൾ റൂമിലേക്ക് മാറ്റും

കോഴിക്കോട് : ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരിക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി ബുധനാഴ്ച ആന്റിജൻ പരിശോധന നടത്തിയിരുന്നു. വിവിധ വകുപ്പുകളിൽനിന്നായി 350 ജീവനക്കാരാണ് ആൻറിജൻ പരിശോധനയിൽ പങ്കെടുത്തത്. ഈ പരിശോധനയിലാണ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഓഫീസിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ വ്യാഴാഴ്ച ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ പ്രവർത്തനം കൺട്രോൾ റൂമിലേക്ക് മാറ്റും.