കോഴിക്കോട് : കോവിഡ് കെയർ സെന്ററുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപ്പറേഷൻ ഇൻസിനറേറ്റർ സ്ഥാപിക്കും. മണിക്കൂറിൽ 200 കിലോഗ്രാം സംസ്കരിക്കാൻ ശേഷിയുള്ള ഇൻസിനറേറ്ററാണ് സ്ഥാപിക്കുക.

പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഭേദഗതിയിൽ ഉൾപ്പെടുത്തി ഇൻസിനറേറ്റർ വെക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരത്തിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലെ മാലിന്യം സംസ്കരിക്കാൻ കഴിയാത്തതിനെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്ന് കളക്ടറും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കഴിഞ്ഞദിവസം കോർപ്പറേഷൻ ഓഫീസിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും നിർദേശിച്ചിരുന്നു. തുടർന്ന് ആരോഗ്യസ്ഥിരം സമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിഷയം ചർച്ചചെയ്തു. പദ്ധതി വിഹിതം മാറ്റുന്ന കാര്യം വികസനകാര്യസമിതിയുടെ ശ്രദ്ധയിലും പെടുത്തി. പദ്ധതിക്ക് അന്തിമരൂപമാകുന്നതേയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

കോർപ്പറേഷൻ ഓഫീസിന് സമീപത്തുള്ള സ്ഥലത്ത് ഇത് സ്ഥാപിക്കാനാണ് ആലോചന. മെഡിക്കൽ കോളേജിൽ വെക്കുന്ന ഇൻസിനറേറ്ററിന്റെ പണി പൂർത്തിയായാൽ അവിടെയും സംസ്കരണം തുടങ്ങാനാകുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.ബാബുരാജ് പറഞ്ഞു.

ജൈവ-അജൈവ മാലിന്യം പലയിടത്തും സെന്ററുകളിലെ മുറിയിൽത്തന്നെ കൂട്ടിയിട്ടിരിക്കയാണ്. പ്രാദേശികമായ എതിർപ്പിനെ തുടർന്ന് മാലിന്യം കുഴിച്ചുമൂടാനോ കത്തിക്കാനോപോലും പറ്റാത്ത സ്ഥിതിയാണ്.