കോഴിക്കോട് : ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളിൽ പലരും തങ്ങളുടെ അധ്യാപകരെ കണ്ടിട്ടേയില്ല. അപ്പോൾ പിന്നെ ‘ക്ലാസിലിരിക്കാനും’ ചിലർക്ക് മടി. ഇത്തരം പ്രശ്നം പരിഹരിക്കാൻ രക്ഷിതാക്കളെയും കുഞ്ഞുങ്ങളെയും അധ്യാപകരെയുമെല്ലാം ഉൾപ്പെടുത്തി ഓൺലൈനായി പരിശീലനം നൽകുകയാണ് ഡയറ്റ്.

ഒന്നാംക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായാണ് പദ്ധതി. ഓൺലൈൻ ക്ലാസിലിരിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കുകയാണ് ‘കംപാരിയോ’ പദ്ധതിയുടെ ലക്ഷ്യം. ഗൂഗിൾ മീറ്റ് വഴി ഓരോ സ്കൂളിലെയും രക്ഷിതാക്കളെ ഒന്നിച്ചിരുത്തി സംശയങ്ങൾ തീർക്കുകയാണ്. നിലവിൽ 1500-ഓളം രക്ഷിതാക്കളുമായി സംസാരിച്ചു കഴിഞ്ഞു.

എഴുത്ത്, വായന എന്നിവയെ സഹായിക്കാനുള്ള അക്ഷരാവതരണരീതി, വാക്കുകളുടെ ഉപയോഗം, ആശയങ്ങളുടെ അവതരണം എന്നിവയെക്കുറിച്ച് ചിത്രരൂപത്തിലും വീഡിയോയിലൂടെയും വ്യക്തമാക്കി. കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ രക്ഷിതാക്കളിലൂടെ പ്രായോഗികമായി പരിഹരിക്കുകയാണ് ഉദ്ദേശ്യം.

രക്ഷിതാക്കൾക്കുണ്ടാകുന്ന സംശയങ്ങളെല്ലാം പരിഹരിക്കുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.

ആദ്യയോഗം പൊക്കുന്ന് ഗവ. ഗണപത് യു.പി. സ്കൂളിലാണ് നടത്തിയത്. ഓരോ ബി.ആർ.സി. തലത്തിലും ഇത് നടത്തും. സമഗ്ര ശിക്ഷാ കേരളയുമായി ചേർന്നാണ് പരിപാടി. ഓഗസ്റ്റ് ഒന്നോടെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാവും. തുടർന്ന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുമെന്ന് ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്ദുൾ നാസർ പറഞ്ഞു.