കോഴിക്കോട്‌ : ജില്ലയിൽ നീർപ്പക്ഷികളുടെ പ്രജനനസ്ഥലങ്ങളെക്കുറിച്ച്‌ കണക്കെടുപ്പ്‌ നടത്തുന്നു. കേരള വനം വന്യജീവി വകുപ്പും (സാമൂഹിക വനവത്‌കരണ വിഭാഗം) മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന്‌ നടത്തിവരുന്ന പക്ഷിപഠന നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ കോഴിക്കോട്,‚ മലപ്പുറം ജില്ലകളിൽ കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ്‌ നടത്തുന്നത്‌.

കൊക്കുകളുടെയും നീർക്കാക്കകളുടെയും പ്രജനനസമയമാണ്‌ മഴക്കാലം. 15 വർഷമായി ഉത്തരകേരളത്തിൽ മാത്രം നടത്തിയ പഠനത്തിൽ 150-ലേറെ കൊറ്റില്ലങ്ങൾ കണ്ടെത്തിയിരുന്നതായി സുവോളജി സർവേ ഓഫ്‌ ഇന്ത്യ ശാസ്ത്രജ്ഞൻ ജാഫർ പാലോട്ട്‌ പറഞ്ഞു. ഈയടുത്തകാലത്തായി കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ വളരെയധികം കുറവ്‌ കാണിക്കുന്നുണ്ട്‌. റോഡ്‌ വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിക്കുന്നതും രണ്ടുവർഷമായുള്ള അതിതീവ്രമഴയും ഇവയുടെ വാസസ്ഥലങ്ങൾക്ക്‌ വലിയ നാശമുണ്ടാക്കി. എല്ലാ ജില്ലകളിലും മഴക്കാലത്ത്‌ കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ്‌ നടത്താറുണ്ട്‌. ജില്ലയിൽ കൊറ്റില്ലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9447 204182 (കോഴിക്കോട്‌),‚ 9496363308 (മലപ്പുറം) എന്നീ നമ്പറുകളിലോ www.malabarnhs.in/heronry എന്ന വെബ്‌സൈറ്റിലോ രേഖപ്പെടുത്താം.