കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ആശ്വാസമായി സംഘടനകൾ രംഗത്ത്. മാസ് കോവൂർ, കോവൂർ ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ 250 കെയ്‌സ് വരുന്ന ഒരു ലോഡ് കുപ്പിവെള്ളമാണ് കോവിഡ് വാർഡിലെ രോഗികൾക്ക് നൽകിയത്. വാട്‌സാപ്പ് ചലഞ്ചിലൂടെ തുക സമാഹരിച്ചാണ് കുപ്പിവെള്ളം വിതരണം ചെയ്തത്.

മാസ് കോവൂരിന്റെ പ്രസിഡന്റ് പി.കെ. സോമനിൽനിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ കുപ്പിവെള്ളം ഏറ്റുവാങ്ങി. ഡോ. ഡാനിഷ്, കോവൂർ ലൈബ്രറി സെക്രട്ടറി ഗിരീഷ്, ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി മുരളീധരൻ സംബന്ധിച്ചു.

കോവിഡ് വാർഡുകളിൽ കുടിവെള്ളക്ഷാമംമൂലം രോഗികൾ പുറത്തുനിന്ന് വെള്ളം വാങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.