കോഴിക്കോട്: ജില്ലയിലെ റീജണൽ, സബ്‌ റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ കടലാസില്ല. ഏപ്രിൽ മുതൽ ക്ഷാമം നേരിടുന്നതിനാൽ അപേക്ഷകർ ആർ.സി.ക്കായി കാത്തിരിപ്പ് തുടരുന്നു. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ്‌ ടെക്‌നോളജിയിൽ (സി-ഡിറ്റ്) നിന്ന് കടലാസുകൾ എത്താത്തതാണ് ആർ.സി. പ്രിന്റ് എടുക്കാൻ തടസ്സമാകുന്നത്.

കോഴിക്കോട്, വടകര ആർ.ടി.ഒ. ഓഫീസുകൾ, നന്മണ്ട, കൊടുവള്ളി, കൊയിലാണ്ടി, പേരാമ്പ്ര സബ്‌ ആർ.ടി.ഒ. ഓഫീസുകൾ എന്നിവിടങ്ങളിലെ അപേക്ഷകർക്ക് ആർ.സി. എന്ന് ലഭിക്കുമെന്നതിൽ അധികൃതർക്ക് ഒരുനിശ്ചയവുമില്ല. പുതിയ വാഹന രജിസ്‌ട്രേഷൻ, വാഹനവായ്പയെടുക്കൽ, വായ്പ റദ്ദാക്കൽ, വാഹനകൈമാറ്റം എന്നിവയ്ക്കെല്ലാം ആർ.സി. വേണം. ഇത് കൂടാതെ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്കുള്ള രേഖകൾ, പോലീസ് സ്റ്റേഷനിലും ഇൻഷുറൻസ് ഓഫീസുകളിലേക്കുമുള്ള രേഖകൾ എന്നിവയെല്ലാം കടലാസുകളുടെ ദൗർലഭ്യം കാരണം ലഭിക്കാത്ത അവസ്ഥയാണ്.

കോഴിക്കോട് ആർ.ടി. ഓഫീസിൽ ലോക് ഡൗണിന് മുമ്പ് ദിവസവും ശരാശരി 200 അപേക്ഷകർ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന് എത്താറുണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസിൽ ജീവനക്കാർ എത്തുന്നത് 50 ശതമാനമാക്കി കുറച്ചു. അപേക്ഷകർക്ക് ഓഫീസിൽ നേരിട്ട് പ്രവേശനമില്ലാത്തതിനാലും ഒപ്പം കടലാസിന് ക്ഷാമമായതിനാലും ദിവസവും 70 പേരുടെ അപേക്ഷകളേ സ്വീകരിക്കുന്നുള്ളൂ. ഓൺലൈനായും ഓഫീസിന് പുറത്ത് വെച്ച ബോക്സിലൂടെയും ദിവസവും ശരാശരി 250 മുതൽ 300 വരെ അപേക്ഷകൾ ലഭിക്കുന്നു. വടകരയിലെ ആർ.ടി.ഒ. ഓഫീസിൽ പ്രതിദിനം 100-നും 150-നുമിടയിൽ ആർ.സി. അപേക്ഷകരുണ്ട്.

ലോക് ഡൗൺ ആയതിനാൽ കൊറിയർ അയയ്ക്കാൻ കഴിയുന്നില്ലെന്നും വാഹനസൗകര്യം ആവശ്യത്തിന് ലഭ്യമല്ലെന്നുമാണ് സി-ഡിറ്റ് അധികൃതർ ആർ.ടി.ഒ. ഓഫീസ് അധികൃതരെ അറിയിച്ചത്.