കോഴിക്കോട്: പോളിടെക്നിക്കുകളിൽ വകുപ്പ് മേധാവി, പ്രിൻസിപ്പൽ പദവികളിൽ നിയമിക്കാൻ എം.ടെക് നിർബന്ധമാക്കിയപ്പോൾ കുറുക്കുവഴിയിൽ ബിരുദംനേടി 250-ഓളം അധ്യാപകർ. എ.ഐ.സി.ടി.ഇ.യും യു.ജി.സി.യും അംഗീകരിക്കാത്ത വാരാന്ത്യ എം.ടെക് കോഴ്സിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകിയ അനുമതിയിൽ സർക്കാരിനു നഷ്ടം കോടികൾ.

എ.ഐ.സി.ടി.ഇ. മാനദണ്ഡപ്രകാരം 2014-ൽ കേന്ദ്രനിരക്കിൽ ശമ്പളം നൽകുന്നതിന്റെ ഭാഗമായാണ് വകുപ്പ് മേധാവി, പ്രിൻസിപ്പൽ തസ്തികകൾക്ക് എം.ടെക് നിർബന്ധമാക്കിയത്. എം.ടെക് ഇല്ലാത്ത പലരും വാരാന്ത്യകോഴ്സിൽ അഭയംതേടി. തമിഴ്നാട്ടിലെ മൂന്ന് സർവകലാശാലകളിലാണ് കോഴ്സ് നടത്തുന്നത്.

കംപ്യൂട്ടർ വിഭാഗം മാത്രമുള്ള ഒരു സർവകലാശാല കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലാണ് എം.ടെക് നൽകിയത്. കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാനുള്ള എം.ടെക് കോഴ്സായി ഇതിനെ കണക്കാക്കി.

ബി.ടെക്കിന് പഠിച്ച അതേ ബ്രാഞ്ചിൽത്തന്നെ എം.ടെക് വേണമെന്നാണ് നിബന്ധന. എം.ടെക് പാസായതിന്റെ സർട്ടിഫിക്കറ്റ് നൽകിയാൽ ഇൻക്രിമെന്റും വെയിറ്റേജും ഉൾപ്പെടെ മാസം 3000 രൂപവരെ അധികം ലഭിക്കും.

വകുപ്പ് മേധാവി ആയാൽ മാസം ശരാശരി 20,000 രൂപവരെ അധികം ലഭിക്കും.

റെഗുലർ എം.ടെക് രണ്ടുവർഷം പഠിക്കണം. തിങ്കൾമുതൽ ശനിയാഴ്ച വരെ പാർട്ട് ടൈം ആയി ചെയ്യുന്ന എം.ടെക് പൂർത്തിയാക്കാൻ മൂന്നുവർഷം പഠിക്കണം. എന്നാൽ, വാരാന്ത്യ എം.ടെക് രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാം.

പരാതി ഉയർന്നപ്പോൾ വിജിലൻസ് അന്വേഷിച്ച് മാനദണ്ഡം പാലിക്കാതെ എ.ഐ.സി.ടി.ഇ. ശമ്പളസ്കെയിൽ അനുവദിച്ചത് തെറ്റാണെന്ന് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിനെക്കുറിച്ചു പഠിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള മൂന്നംഗ സമിതിയെ നിയമിച്ചതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിലും ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.