കോഴിക്കോട് : രക്തദാന സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ രക്തവാഹിനിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ രക്തദാതാക്കളെ സംഘടിപ്പിച്ച് ജനറൽ ആശുപത്രി രക്തബാങ്കിൽ രക്തദാനം നടത്തി. രക്തവാഹിനിയുടെ ജില്ലയിലെ ഇരുപതാമത്തെ ബസാണ് രക്തദാനത്തിനായി എത്തിയത്. മുപ്പതുപേരെ സ്‌ക്രീൻചെയ്ത് അതിൽനിന്നും യോജ്യരായ 20 പേർ രക്തദാനം നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് വി. ഉദ്ഘാടനംചെയ്തു. ജില്ലാ ടി.ബി. ആൻഡ് എയഡ്സ് നിയന്ത്രണ ഓഫീസർ ഡോ. പി.പി. പ്രമോദ്കുമാർ, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിലെ പ്രിയേഷ് എൻ.ടി. എന്നിവർ സംസാരിച്ചു.

ബിൽ നൽകണം

കോഴിക്കോട് : പലചരക്ക് കടകൾ, പച്ചക്കറികടകൾ എന്നിവിടങ്ങളിൽ കടയുടമകൾ ഉപഭോക്താക്കൾക്ക് നിർബന്ധമായും വാങ്ങുന്ന സാധനത്തിന്റെ ബില്ല് നൽകണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യപ്പെട്ടില്ലെങ്കിലും ചീട്ട് നൽകണം. കടയുടമയുടെ വിലാസവും സൂചിപ്പിക്കണം.