കോഴിക്കോട്: പെട്ടെന്ന് ക്ഷീണം അനുഭവപ്പെട്ട ഭർത്താവ് ഷിജീഷുമായി വടകരയിലെ ആശുപത്രിയിലെത്തിയതായിരുന്നു വടകര ഓർക്കാട്ടേരിയിലെ രൻസി. ആൻജിയോഗ്രാമിൽ മൂന്ന് പ്രധാന ബ്ലോക്കുകൾ. വീട്ടിലേക്ക് മടങ്ങേണ്ട, ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിൽ ഉടൻ അഡ്മിറ്റാകണമെന്ന് ഡോക്ടർ. അതോടെ നേരെ മെഡിക്കൽ കോളേജിലേക്ക്.

പിന്നെ നടന്ന കാര്യങ്ങളെല്ലാം അവിശ്വസനീയമായിരുന്നു എന്ന് രൻസി പറയുന്നു: “പ്രശ്നം കുറച്ച് ഗുരുതരമാണെന്നും ശസ്ത്രകിയ സങ്കീർണമാണെന്നും ഡോക്ടർമാർ പറഞ്ഞു. 12 യൂണിറ്റെങ്കിലും രക്തം കരുതിവെക്കണം. എബി നെഗറ്റീവ് എന്ന അപൂർവ ഗ്രൂപ്പാണ്. അറിയാവുന്നവരെയെല്ലാം വിളിച്ചു. പലരും കൺടെയ്ൻമെന്റ് സോണിൽ. കോവിഡ് കാലമായതിനാൽ മെഡിക്കൽ കോളേജിൽ വരാൻ ചിലർക്ക് പേടി. നാല് വയസ്സുള്ള കുട്ടിയെയും വെച്ച് എന്തുചെയ്യണമെന്നറിയില്ലായിരുന്നു... ഒടുവിൽ രക്തദാതാക്കളുടെ സംഘടനയെ സമീപിച്ചു. മിക്കയിടവും കൺടെയ്ൻമെന്റ്‌ സോണായതിനാൽ അവരും കുഴങ്ങി. ആ രാത്രിമുഴുവൻ സോഷ്യൽ മീഡിയവഴി, ഷിജീഷിന് രക്തം ആവശ്യപ്പെട്ട് തലങ്ങും വിലങ്ങും മെസേജുകൾ ഒഴുകി. നേരം പുലർന്നപ്പോഴേക്കും ആരാണെന്നോ, എവിടെ നിന്നാണെന്നോ ഇപ്പോഴും അറിയാത്ത ആരൊക്കെയോ വന്നുചേർന്നിരുന്നു, ജില്ലയ്ക്ക്‌ പുറത്ത് നിന്നുള്ളവർപോലും...”

12 യൂണിറ്റും കിട്ടി. ശസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോഴേക്കും നില വഷളായി. ഒരു വെയിനിലൂടെ രക്തമോടുന്നില്ല. വീണ്ടും ഹൃദയം തുറന്ന് ശസ്ത്രക്രിയ. ഏറെ ബുദ്ധിമുട്ടിയാണെങ്കിലും അത്രയും രക്തം എടുത്തുവെച്ചത് തുണയായി. എല്ലാം വേണ്ടിവന്നു. ഇപ്പോൾ ഷിജീഷ് സുഖം പ്രാപിക്കുന്നു. എല്ലാം അനുഭവിച്ചപ്പോൾ രൻസിക്ക് ഒരാഗ്രഹം മാത്രം... ഇനി മുതൽ രക്തം ദാനം ചെയ്യണം, ചോരയുടെ വില പണത്തിനും മീതെയാണെന്ന് ഇപ്പോൾ നന്നായറിയാം.

പ്രശ്നമായി നിബന്ധന

കൺടെയ്ൻമെന്റ്‌ സോണിൽപ്പെട്ടവരിൽ നിന്ന് രക്തം ഒരുമാസത്തേക്ക് സ്വീകരിക്കരുതെന്ന നിബന്ധന രക്തദാനം പ്രതിസന്ധിയിലാക്കി. രക്തദാതാക്കളുണ്ടെങ്കിലും കൺടെയ്ൻമെന്റ് സോണുകൾ കൂടിയതോടെ രക്തമെടുക്കാനാവുന്നില്ല. ഇതു്കൂടാതെ രക്തം നൽകാനെത്തുന്നവരുടെ യാത്രാവിവരങ്ങളും നോക്കുന്നുണ്ട്. പുറത്തുനിന്ന് വന്നവരാണെങ്കിലും കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കമുണ്ടായവരാണെങ്കിലും ഒരു മാസം സ്വീകരിക്കില്ല. ജില്ലയിലെ 40 ശതമാനത്തോളം പ്രദേശം ഇപ്പോൾ കൺടെയ്ൻമെന്റിലായതിനാൽ, മറ്റ് പ്രദേശങ്ങളിൽനിന്ന് അധികം രക്തദാതാക്കളെ കണ്ടെത്തുക ഏറെ പ്രയാസമാണ്.

നഗരത്തിന് പുറത്തുള്ള ആശുപത്രികളിലെ അടിയന്തരചികിത്സ വേണ്ട കോവിഡ് ഇതര രോഗികളെയാണ് തീരുമാനം ശരിക്കും കുടുക്കിയത്.

രോഗികൾ കുറഞ്ഞതിനാൽ പ്രശ്നമില്ല

രക്തം നൽകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും മെഡിക്കൽ കോളേജിൽ മറ്റ് രോഗികൾ കുറവായതിനാൽ അതിനനുസരിച്ച് ആവശ്യമുള്ള രക്തം ഇപ്പോൾ ലഭിക്കുന്നുണ്ട്.

ഡോ. അർച്ചന രാജൻ,

അസിസ്റ്റന്റ് പ്രൊഫസർ, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം

പ്രതിസന്ധി പരിഹരിക്കണം

കൺടെയ്‌ൻമെന്റ് സോണിൽപ്പെടാത്ത രക്തദാതാവിനെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്. പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചാലും അതിനകത്തെ ഏതെങ്കിലും ഒന്നോ രണ്ടോ വാർഡിലായിരിക്കും കോവിഡ് രോഗി ഉണ്ടാവുക. പക്ഷേ, ഇവിടത്തെ ആർക്കും രക്തം നൽകാനാവില്ലെന്നതാണ് ബുദ്ധിമുട്ടാകുന്നത്. വടകര ജില്ലാ ആശുപത്രി, മറ്റ് സഹകരണ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഈ പ്രശ്നമുണ്ട്. ആരോഗ്യമന്ത്രിയും കളക്ടറും ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണം.

വത്സരാജ് മണലാട്ട്,

രക്തദാതാവ്, ഇരിങ്ങണ്ണൂർ

കൂടുതൽ ആളുകളെ എത്തിച്ചു

ആഴ്ചയിൽ രണ്ടുതവണവരെ നടന്നിരുന്ന രക്തദാന ക്യാമ്പുകൾ കോവിഡ് കാലത്ത് മുടങ്ങി. സംഘടനകൾ ഇടപെട്ട് കൂടുതൽ ആളുകളെ ബ്ലഡ് ബാങ്കുകളിൽ എത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. കോവിഡ് കൂടിയെങ്കിലും രക്തദാനത്തിന് തയ്യാറുള്ളവർ ഇപ്പോഴും ധാരാളമുണ്ട്. ചിലരൊക്കെ ആശങ്കയും പ്രകടിപ്പിക്കാറുണ്ട്.

അശോകൻ ആലപ്രത്ത്,

ജില്ലാ പ്രസിഡന്റ്, കേരള ബ്ലഡ് ഡോണേഴ്സ് ഫോറംകോവിഡ് ചികിത്സയെ ബാധിക്കില്ല: മെഡിക്കൽ കോളേജിൽ പ്ളാസ്മ ബാങ്ക്

ജില്ലയിലെ പ്രധാന ബ്ലഡ് ബാങ്കുകൾ

കോഴിക്കോട് മെഡിക്കൽകോളേജ്

ബീച്ച് ഹോസ്പിറ്റൽ

കോട്ടപ്പറമ്പ് ഗവ. ഹോസ്പിറ്റൽ

എട്ടോളം സ്വകാര്യ ആശുപത്രികളിലും ബ്ലഡ് ബാങ്കുകളുണ്ട്