കോഴിക്കോട്: രാജ്യത്തെ ജുഡീഷ്യറി വ്യവസ്ഥയെപ്പോലും അട്ടിമറിക്കാനാകുമെന്നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയെ മാറ്റിയതിലൂടെ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി കടപ്പുറത്ത് നടത്തുന്ന ഷഹീൻബാഗ് സ്ക്വയർ അനിശ്ചിതകാല സമരത്തിന്റെ 27-ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാപകാരികൾക്ക് പോലീസ് ഒത്താശ ചെയ്താൽ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡൽഹിയിൽ അരങ്ങേറിയത്. സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തേണ്ടത്. തത്‌സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി അതിശക്തമായ സമരത്തിന് ദേശീയതലത്തിൽ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന്റെ തൂക്കംനോക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഇടപെടുന്നത്. സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവർത്തിച്ചത്. എന്നിട്ടും ന്യൂനപക്ഷങ്ങളുടെ രക്ഷകൻ എന്ന നിലയിലാണ് മുഖ്യമന്ത്രി നടക്കുന്നതെന്നും പിണറായി വിജയൻ യഥാർഥത്തിൽ ആരുടെ ഒപ്പമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര നിയോജകമണ്ഡലത്തിലെ പ്രവർത്തകരാണ് 27-ാം ദിവസം പങ്കെടുത്തത്. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. വേങ്ങര മണ്ഡലം പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. എം.സി. മായിൻഹാജി, പി.കെ. ഫിറോസ്, എം.സി. വടകര, ആഷിഖ് ചെലവൂർ, പി. ഇസ്മായിൽ, നജീബ് കാന്തപുരം, ശംസു പുള്ളാട്ട്, വി.വി. മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.