കോഴിക്കോട്: രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഭരണഘടനയ്ക്കുപകരം തോക്കും ലാത്തിയും ഉപയോഗിച്ചാണ് മോദിസർക്കാർ മറുപടി നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. കെ.എസ്.യു.വിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ വിദ്യാർഥി റാലിയും സംഗമവും ‘കൊടിയടയാളം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പൗരത്വനിയമഭേദഗതിയിൽ തെരുവിൽ പ്രതിഷേധിക്കുന്നത് മോദി സർക്കാർ കണ്ട ഭാവമില്ല. രാജ്യത്ത് സർക്കാരിന് പകരം ഭരണം നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്. ദിവസവും കർഷകർ ആത്മഹത്യചെയ്യുമ്പോൾ അത് ചർച്ച ചെയ്യാൻ മോദിക്ക് നേരമില്ല. രാജ്യത്ത് ഇപ്പോൾ ‘ഗ്രഹണ’മാണ്. എന്നാൽ, പ്രധാനമന്ത്രി സൂര്യഗ്രഹണം കണ്ടുരസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലാത്തികൊണ്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്ന് അമിത് ഷായുടെ പോലീസ് വിചാരിക്കേണ്ട. പിണറായിയുടെയും മോദിയുടെയും സർക്കാരുകൾക്ക് ഒരേ ശൈലിയാണ്. മോദി സർക്കാർ ഭരണത്തിൽ വന്നതിനുശേഷം വിദ്യാർഥികളെ കാമ്പസിൽ കയറി ആക്രമിക്കുകയാണ്. പിണറായിയുടെ പോലീസും വിദ്യാർഥികളെ ലാത്തിക്കൊണ്ടു അടിച്ചമർത്തുകയാണ്. ചോദ്യക്കടലാസ് ചോർന്നതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ തെരുവിൽ ലാത്തികൊണ്ട് നേരിടുകയാണ് പിണറായിയുടെ പോലീസ് ചെയ്തത്. ഗാന്ധിജിയുടെ വടിയാണ് രാജ്യത്തെ നയിക്കുന്നതെന്നും അല്ലാതെ ഗോഡ്സേയുടെ തോക്ക് അല്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി.

മുതലക്കുളത്ത് നടന്ന സംഗമത്തിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അധ്യക്ഷനായി. യു.പി. എഴുത്തുകാരൻ ഇമ്രാൻ പ്രതാപ് ഗർഹി, എൻ.എസ്.യു. അഖിലേന്ത്യാ പ്രസിഡന്റ് നീരജ് കുന്ദൻ, എൻ.എസ്.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി നാഗേഷ് കരിയപ്പ, കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, രമ്യാ ഹരിദാസ് എം.പി., ഷാഫി പറമ്പിൽ എം.എൽ.എ., വി.എസ്. ജോയി, കെ.സി. അബു എന്നിവർ സംസാരിച്ചു.

ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ പാലക്കാട്, വയനാട്, കോഴിക്കോട്, കാസർക്കോട്, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

റാലിക്ക് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജഷീർ പള്ളിവയൽ, വി.പി. റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, വിവിധ ജില്ലകളിലെ കെ.എസ്.യു. പ്രസിഡന്റുമാരായ വി.ടി. നിഹാൽ, കെ.എസ്. ജയഘോഷ്, അമൽ ജോയി, മുഹമ്മദ് ഷമ്മാസ്, നോയൽ ടോമിൻ ജോസഫ്, ആരിഫ് മുദൂർ, മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി.