കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് രോഗികൾ വലഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുപിന്നിലെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയാണ് കുടിവെള്ളവിതരണം നിലച്ചത്. വാർഡുകളിൽ വെള്ളംനിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. ശുചിമുറിയിൽ വെള്ളം ലഭിക്കാതായതാണ് രോഗികളെ ഏറെ വലച്ചത്.

ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണംചെയ്തെങ്കിലും ശേഖരിക്കാൻ രോഗികളുടെയും ആശ്രിതരുടെയും തിരക്കായിരുന്നു.

വാട്ടർ അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വലിയ പൈപ്പ് ലൈനായതിനാൽ കേടുപാടുകൾ തീർത്ത് ഉടൻതന്നെ കുടിവെള്ളം പുനഃസ്ഥാപിക്കാനാവുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

അതേസമയം, ആശുപത്രിയിൽ കുടിവെള്ളവിതരണം നിലച്ചതോടെ ടാങ്കർലോറിയിലെ വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾക്ക് ആവശ്യക്കാരേറിയതോടെ ബക്കറ്റിന്റെ വിലയും കൂട്ടി. നടപ്പാതയിലും മറ്റും വെച്ച് 50-60 രൂപയ്ക്ക് വിറ്റിരുന്ന ബക്കറ്റുകൾക്ക് 110-120 രൂപ ഈടാക്കുന്നതായി പരാതിയുയർന്നു.

അത്യാഹിതവിഭാഗത്തിൽ എക്സ്‌റേയും കേടായി

അത്യാഹിതവിഭാഗത്തിലെ എക്സ്‌റേ യൂണിറ്റ് കേടായതോടെ അടിയന്തരമായി എക്സ്‌റേ എടുക്കേണ്ട രോഗികൾ ബുദ്ധിമുട്ടിലായി. ഒ.പി. വിഭാഗത്തിലെത്തിയാണ് എക്സ്‌റേ എടുക്കുന്നത്. ഒ.പി.യിലുള്ള രോഗികളോടൊപ്പം അത്യാഹിത വിഭാഗത്തിലുള്ളവരും എത്തിയതോടെ ഒ.പി. എക്സ്‌റേ യൂണിറ്റിൽ തിരക്കായി. ഏറെനേരം ക്യൂവിൽനിന്നാണ് എക്സ്‌റേ എടുക്കാൻ സാധിച്ചതെന്ന് രോഗികൾ പരാതിപ്പെട്ടു.