കോഴിക്കോട് : കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ എം. അബ്ദുൾ ലത്തീഫും ഇലക്ട്രിക്കൽ എൻജിനിയർ കെ. ഷഫീഖും ഇടയ്ക്കിടെ മലമ്പുഴയിൽപ്പോയി വരാറുണ്ട്. സംഗതി അല്പം എരിവുള്ളതാണെന്നു പറഞ്ഞാൽ തെറ്റിദ്ധരിക്കേണ്ട; കാന്താരി ക്കൃഷിയാണ്. അഞ്ചോ പത്തോ സെന്റിലല്ല, അഞ്ചേക്കറിലാണ് കാന്താരി വിളയുന്നത്. കേരളത്തിൽ ഇത്രയും കൂടുതൽ സ്ഥലത്ത് കാന്താരിക്കൃഷി മറ്റൊരിടത്തുമില്ല.
മലമ്പുഴയിലെ കർഷകനായ കൊടക്കാട് പുളിക്കൽ സന്തോഷ്‌കുമാറുമായി ചേർന്നാണ് ജൈവരീതിയിൽ കൃഷി നടത്തുന്നത്. സന്തോഷ് നിലവിൽ നിത്യേന ആയിരം കിലോ പച്ചക്കറിയും ഉത്‌പാദിപ്പിച്ച് വിൽക്കുന്നുണ്ട്. മലമ്പുഴ പഞ്ചായത്തിൽ മരുതു റോഡിനടുത്ത് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് കൃഷിയിടം. തരിശായി കിടന്നിരുന്ന ഭൂമി പാട്ടത്തിനെടുത്ത് കാന്താരിത്തൈകൾ നട്ടു. ജലസേചനത്തിന് തുള്ളിനന സംവിധാനമൊരുക്കി. കോഴിക്കാഷ്ഠവും ഉണക്കിപ്പൊടിച്ച ചാണകവുമാണ് വളം. ഇതിനകം മൂന്നു തവണ കാന്താരി വിളവെടുത്തു. ഇവിടെ ഉത്പാദിപ്പിക്കുന്ന കാന്താരി കിലോക്ക് 225 രൂപ നിരക്കിൽ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന് കരാറുണ്ടാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങൾ ഉൾപ്പെടെയുള്ള അവരുടെ സൂപ്പർ മാർക്കറ്റുകളിൽ വിൽക്കാൻ നിത്യേന 700 കിലോഗ്രാം കാന്താരിയാണ് ആവശ്യപ്പെട്ടത്. എന്നാൽ മാസങ്ങൾക്കകം 500 കിലോഗ്രാം വീതം നൽകാൻ കഴിയുമെന്ന് സന്തോഷ് കുമാർ പറഞ്ഞു.
ഇവിടെരണ്ടു നിറത്തിലുള്ള കാന്താരിയുണ്ട്- വെള്ളയും പച്ചയും. സാധാരണ കാന്താരിയേക്കാൾ അല്പം വലിപ്പവും എരിവും കൂടുതലുള്ള ഹൈ ബ്രീഡ് ഇനമാണ്. അഞ്ചേക്കറിൽ അരലക്ഷം ചെടികളാണുള്ളത്. ഇവ പരിപാലിക്കാൻ പ്രദേശവാസികളായ 25 സ്ത്രീകൾ ഉൾപ്പെടെ അമ്പതോളം തൊഴിലാളികളുമുണ്ട്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലാണ് കാന്താരിയ്ക്ക് ആഗോളതലത്തിൽ തന്നെ പ്രിയം വർധിച്ചത്. കിലോഗ്രാമിന് 1000 രൂപ വരെയൊക്കെ വിലയെത്താറുണ്ട്.
കാന്താരിത്തോട്ടത്തിന് സമീപത്തായി 25 ഏക്കറിൽ ജൈവ പച്ചക്കറിക്കൃഷി തുടങ്ങാനാണ് മൂവർ സംഘത്തിന്റെ അടുത്ത പരിപാടി. ഇതിനായി സ്ഥലം പാട്ടത്തിനെടുത്ത് പണി ആരംഭിച്ചിട്ടുണ്ട്.
മൂവരെയും ബന്ധിപ്പിച്ചത് ഹോമിയോ മരുന്ന്
ഹോമിയോ കോളേജ് റിട്ട. പ്രിൻസിപ്പലായ ഡോ. അബ്ദുൾ ലത്തീഫ് (71) വികസിപ്പിച്ചെടുത്ത അഗ്രോകെയർ എന്ന മരുന്നാണ് കൃഷിക്കൂട്ടത്തിലെ മൂവരെയും പരസ്പരം ബന്ധിപ്പിച്ചത്. പേരു സൂചിപ്പിക്കുന്നതു പോലെ കൃഷിയെ കാത്തുരക്ഷിക്കുന്ന മരുന്നാണിതെന്നാണ് കർഷകരുടെ അനുഭവം. ഗുളിക രൂപത്തിലുള്ള ഇത് നിശ്ചിത എണ്ണം വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചാൽ കൃഷി നന്നായി വളരും. കീടബാധയും കുറയും. എട്ടു വർഷത്തോളമായി അശോക് കുമാർ ഇതുപയോഗിക്കുന്നുണ്ട്. ഇപ്പോൾ കാന്താരിക്കൃഷിയിലും ഇത് പ്രയോഗിക്കുന്നു. മുൻ പ്രവാസി കൂടിയായ എൻജിനിയർ ഷെഫീഖും(67) ജൈവക്കൃഷിയിൽ തത്‌പരനാണ്. വേങ്ങേരിയിലെ താമസസ്ഥലത്ത് അദ്ദേഹം വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. വർഷങ്ങളായി കൃഷി പരിരക്ഷിക്കുന്നത് അഗ്രോ കെയർ ഉപയോഗിച്ചാണെന്ന് ഇദ്ദേഹവും പറയുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ എൻജിനയറിങ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയാണിദ്ദേഹം. പത്ര സ്ഥാപനത്തിൽ മാർക്കറ്റിങ് ജോലി ചെയ്തിരുന്ന സന്തോഷ് കുമാർ ( 43 ) 2012 ലാണ് കൃഷിയിലേക്കിറങ്ങിയത്. 2013-ൽ സംസ്ഥാനത്തെ മികച്ച കർഷനുള്ള സംസ്ഥാന പഴം പച്ചക്കറി പ്രോത്സാഹനസമിതിയുടെ പുരസ്കാരം നേടി. കാന്താരി ക്കൃഷിയിൽ 30 ലക്ഷത്തോളം രൂപയാണ് സംഘത്തിന്റെ മുടക്കു മുതൽ.