കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനം വരുന്നതോടെ പേപ്പർബാഗ് നിർമാണം കൂടുതൽ വിപുലമാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ ജയിൽ. അന്തേവാസികൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ പേപ്പർബാഗ് നിർമാണ യൂണിറ്റ് ഇതിനകം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒരു മാസം 500 ബാഗുകൾ ഇപ്പോൾ വിൽക്കുന്നുണ്ട്. ഒരു ബാഗിന് രണ്ട് രൂപ നിരക്കിലാണ് വിൽപ്പന. മൂന്ന് അന്തേവാസികളുടെ നേതൃത്വത്തിലാണ് നിർമാണം. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം അവർക്ക് നൽകും. തുണിസഞ്ചി നിർമാണയൂണിറ്റും തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സെയിൽസ് കൗണ്ടറിൽ നിന്ന് പേപ്പർബാഗുകൾ ആവശ്യക്കാർക്ക് വാങ്ങിക്കാം.
സ്വയംതൊഴിൽ പരിശീലനത്തിന് മികച്ച പ്രതികരണം
അഞ്ചുവർഷം മുമ്പാണ് ജയിലിൽ വിവിധ തൊഴിൽപരിശീലന കോഴ്സുകൾ തുടങ്ങിയത്. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അന്തേവാസികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജയിലിൽനിന്ന് പുറത്തിറങ്ങിയതിനുശേഷം ഒട്ടേറെപ്പേർ പരിശീലിച്ച തൊഴിലെടുത്ത് ഉപജീവനം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗവ.ഐ.ടി.ഐ, ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ അധ്യാപകരാണ് ക്ലാസുകൾ എടുക്കുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ, ബുക്ക് ബൈൻഡിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം എന്നിവയാണ് നിലവിലുള്ള കോഴ്സുകൾ. ഓരോ കോഴ്സിലും 20 പേരാണുള്ളത്. എൽ.ഇ.ഡി. ബൾബ് നിർമാണ യൂണിറ്റ് ഈമാസം അവസാനം തുടങ്ങും. ഇതിനായി ജയിൽ വെൽഫെയർ ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ ലഭിച്ചു. മൂന്നുമാസമാണ് കോഴ്സുകളുടെ ദൈർഘ്യം. തൊഴിലുറപ്പാക്കാനായി സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ജയിലിൽനിന്നാണ് കോഴ്സ് ചെയ്തതെന്ന വിവരം സർട്ടിഫിക്കറ്റിൽ ഉണ്ടാവില്ല.
ഇനി മത്സ്യകൃഷിയും
മത്സ്യകൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജില്ലാ ജയിൽ അധികൃതർ. കുളം നിർമാണം പൂർത്തിയായി. മത്സ്യഫെഡുമായി സഹകരിച്ചാണ് മീൻവളർത്തൽ. 50 കട്‌ല കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ കുളത്തിൽ വളർത്തുക. ആറ് മാസമായാൽ രണ്ട് മുതൽ മൂന്ന് കിലോ തൂക്കമാകും. പൂർണവളർച്ചയെത്തിയ ശേഷം വിളവെടുക്കും. മത്സ്യകൃഷി പരിചയമുള്ള രണ്ട് അന്തേവാസികൾക്കാണ് ചുമതല. വിളവെടുത്ത മത്സ്യങ്ങൾ ജയിലിലെ ആവശ്യത്തിനോ അല്ലെങ്കിൽ പുറത്തോ വിൽക്കാനാണ് തീരുമാനം.