കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പൗരത്വബില്ലിന് പകരം രാജ്യത്തെ സ്ത്രീ പുരുഷന്മാർക്ക് സുരക്ഷയാണ് വേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭീതിയുടെ അന്തരീക്ഷമാണിവിടെയുള്ളത്. ഉന്നാവിലായാലും വാളയാറിലായാലും പെൺകുട്ടികൾ സുരക്ഷിതരല്ല. കേന്ദ്രത്തിലും കേരളത്തിലും നീതി നിഷേധിക്കപ്പെടുകയാണ്. സ്വന്തം രാജ്യത്ത് ജനിച്ചവർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.എം. ജിഷാൻ അധ്യക്ഷനായി. എം.കെ. മുനീർ എം.എൽ.എ., നജീബ് കാന്തപുരം, ടി.പി.എം. സാഹിർ, വി. സുബൈർ, എം.സി. മായിൻ ഹാജി, ആഷിഖ് ചെലവൂർ, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ്, എൻ.സി. അബൂബക്കർ, എം.എ. മജീദ്, നവാസ് കെ. മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.