കുറ്റ്യാടി: അങ്ങാടിയിലെ അഴുക്കുവെള്ളമത്രയും തള്ളുന്നത് പുഴയിൽ. കരിങ്കൽ ക്വാറികളിൽനിന്നും പുറന്തള്ളുന്ന രാസപദാർഥങ്ങൾ ഇടവഴിച്ചാലുകളിലൂടെ എത്തിച്ചേരുന്നതും പുഴയിൽ. ഇതിനിടയിൽ വേനൽക്കാലങ്ങളിലെ നഞ്ചുകലക്കിയുള്ള മീൻപിടുത്തവും. പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ചിലരുടെയെങ്കിലും രീതി. കുളിക്കാനും അലക്കിനും ചിലപ്പോൾ കുടിവെള്ളമായും ജനങ്ങൾ ആശ്രയിക്കുന്ന മരുതോങ്കരയിലെ നെടുവാൽ പുഴയിലെ വെള്ളത്തിന്നിപ്പോൾ ചില ദിവസങ്ങളിൽ കറുത്തനിറമാണ്.
പഞ്ചായത്തിൽ രണ്ട് വൻകിടക്വാറികളും ക്രഷറുകളുമുണ്ട്. അവിടെ നിന്നും പുറന്തള്ളുന്ന രാസപദാർഥങ്ങളടങ്ങിയ വെള്ളം പുഴയിലേക്ക് വന്നുചേരുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്നാണ് നാട്ടുകാരുടെ വിശ്വാസം. കലങ്ങിയവെള്ളത്തിൽ കുളിക്കുന്നവർക്കും അലക്കുന്നവർക്കും ശരീരത്തിൽ ചൊറി പടരുന്നുണ്ടെന്നും പറയുന്നു. പഞ്ചായത്തിൽ പരാതിപ്പെട്ടാൽ നടപടിയെടുക്കാമെന്നു പറയും. പക്ഷെ ഒന്നും നടക്കില്ല. വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ച് യഥാർഥവസ്തുത കണ്ടെത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ പഞ്ചായത്ത് തയ്യാറാവുന്നുമില്ല.
കുറ്റ്യാടി ടൗണിൽ നവീകരണപ്രവൃത്തികൾ നടക്കുകയാണിപ്പോൾ. ഓവു ചാലുകൾ നവീകരിച്ചശേഷം അതു വഴിയുള്ള വെള്ളം പുറന്തള്ളാനുദ്ദേശിക്കുന്നത് തൊട്ടടുത്തുള്ള കുറ്റ്യാടിപ്പുഴയിലേക്കാണ്. നേരത്തെയുള്ള അതേനടപടി തുടർന്നും ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് അധികാരികൾ. ഒരെതിർപ്പും ഒരുഭാഗത്തു നിന്നുമുയരുന്നില്ല.
തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഗാരേജിൽനിന്നും രാസമാലിന്യം കലർന്നവെള്ളം ഇറങ്ങിച്ചേരുന്നതും തൊട്ടുള്ള തൊട്ടിൽപ്പാലം പുഴയിലേക്കാണ്. ടൗണിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ള അഴുക്കുവെള്ളമടക്കം പല വഴികളിലൂടെ പുഴയിലെത്തുന്നു. ജലനിധി, ഗ്രാമീണ കുടിവെള്ളപദ്ധതികൾക്കൊക്കെ മേൽപ്പറഞ്ഞ പുഴകളിൽനിന്നാണ് വെള്ളം ശേഖരിക്കുന്നതെന്നകാര്യവും എല്ലാവരും മറക്കുന്നു.