കോഴിക്കോട്: യു.എ.പി.എ. അറസ്റ്റിൽ പോലീസിനെ അനുകൂലിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേ ഒളിയമ്പുമായി സി.പി.ഐ. സെക്രട്ടറി.
പോലീസ് റിപ്പോർട്ട് അതേപോലെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരോട് തനിക്കു വലിയ ബഹുമാനമില്ലെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. യു.എ.പി.എ. അറസ്റ്റ് മതിയായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
‘രണ്ട് സിം ഉള്ള മൊബൈൽ ഫോൺ മാരകായുധമാണെന്നാണു പോലീസ് പറയുന്നത്. അങ്ങനെയെങ്കിൽ നമ്മളെല്ലാവരും ഭീകരന്മാരാകുമല്ലോ. ബൈബിളും രാമായണവും മഹാഭാരതവുമല്ലാത്ത പുസ്തകങ്ങളൊന്നും വായിക്കരുതെന്നാണ് പറയുന്നത്’.
വിദ്യാർഥികൾക്കുമേൽ കുറ്റം ആരോപിക്കാൻ പോലീസ് ബോധപൂർവം ശ്രമം നടത്തിയെന്ന് എഫ്.ഐ.ആർ. പരിശോധിച്ചാൽ വ്യക്തമാകുമെന്നും കാനം കുറ്റപ്പെടുത്തി.
ഷുഹൈബും അജിതയും കാനവുമായി ചർച്ച നടത്തി
മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലൈന്റെ അച്ഛൻ ഷുഹൈബും മനുഷ്യാവകാശ പ്രവർത്തക കെ. അജിതയും കാനവുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടത്തിയ യു.എ.പി.എ. വിരുദ്ധ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് കാനം ഇവരുമായി ചർച്ച നടത്തിയത്.