കോഴിക്കോട്: കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിക്കായി ജില്ലയിൽ വനംവകുപ്പിന് ലഭിച്ചത് രണ്ട് അപേക്ഷകൾ. അനുമതി കിട്ടിയാലും കാട്ടുപന്നിയെ അങ്ങനെ വെടിവെക്കാമെന്ന് കരുതേണ്ട. വനംവകുപ്പിന്റെ നിരീക്ഷണം കഴിഞ്ഞാൽ മാത്രമേ വെടിവെക്കാൻ പറ്റുകയുള്ളൂ. കൃഷിയിടങ്ങൾക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെക്കാൻ നിർദേശം നൽകിയുള്ള ഉത്തരവ് മേയിലാണ് ഇറങ്ങിയത്.
കാട്ടുപന്നികൾ കൃഷിനശിപ്പിക്കുന്നതും ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നതും വർധിച്ചതിനാലാണ് വെടിവെച്ചുകൊല്ലാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുപന്നികളെ വെടിവെക്കാം. 2017-മുതൽ ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും കർശന നിർദേശങ്ങൾ പാലിച്ച് മാത്രമേ വെടിവെക്കാൻ സാധിക്കുകയുള്ളൂ. ഈ നിർദേശങ്ങൾ ലഘൂകരിച്ചാണ് പുതിയ ഉത്തരവ്.
താമരശ്ശേരി, പെരുവണ്ണാമൂഴി റേഞ്ചിന് കീഴിലാണ് രണ്ട് അപേക്ഷകളും ലഭിച്ചിരിക്കുന്നതെന്ന് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു. ഒരുസ്ഥലത്ത് സ്ഥിരമായെത്തി നാശങ്ങൾ ഉണ്ടാക്കുന്ന പന്നികളെക്കുറിച്ച് റേഞ്ച് ഓഫീസർക്ക് വിവരം നൽകണം. അതിനുശേഷം പന്നികളെ നിരീക്ഷിക്കണം. വിളനഷ്ടവും ആക്രമണരീതിയും നിരീക്ഷിക്കുകയും വനംവകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഇതിനുശേഷം ഡി.എഫ്.ഒ., വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് പന്നികളെ വെടിവെക്കാൻ ഉത്തരവിടാം. യൂണിഫോമിട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ മാത്രമേ പന്നിയെ വെടിവെക്കാൻ സാധിക്കുകയുള്ളൂ. ഒരുകൂട്ടം പന്നികളെ കുറിച്ചാണ് പരാതിയെങ്കിൽ ഏറ്റവും ആക്രമണകാരികളായ പന്നികളെ മാത്രം വെടിവെക്കാമെന്നാണ് നിർദേശം.
ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് കാട്ടുപന്നികളാണ്. 2018- 19 വർഷങ്ങളിൽ മാത്രം വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 320 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ 102 അപേക്ഷകളിലും കാട്ടുപന്നിയുടെ ആക്രമണമാണ്. കഴിഞ്ഞവർഷം 1,102.22 ഹെക്ടർ കൃഷിയാണ് ജില്ലയിൽ നശിച്ചത്. വനംവകുപ്പ് സൗരവേലി സ്ഥാപിച്ചെങ്കിലും കാട്ടുപന്നികളെ തടയാൻ ഇത് പര്യാപ്തമായിരുന്നില്ല.