കോഴിക്കോട്: ക്വാറി മാഫിയയുമായി സി.പി.എം. ഉന്നതന്മാർക്കുള്ള ബന്ധംകാരണമാണ് ഒരുമാസം മുമ്പുള്ള വധശ്രമക്കേസിൽ പ്രതികളെ പിടികൂടാത്തതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. എലിയോറമല സംരക്ഷണസമിതി വൈസ് ചെയർമാൻ കെ.കെ. ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് ചീഫ് ഓഫീസിനുമുന്നിൽ ബി.ജെ.പി.യുടെ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വാറിമാഫിയയും സി.പി.എമ്മും പോലീസും ഒത്തുകളിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരുമാസം മുമ്പ് നടന്ന സംഭവത്തിൽ ശാസ്ത്രീയത്തെളിവുകൾ തേടിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറയുന്നത് പരിഹാസ്യമാണ്. ഇരകൾക്ക് നീതിനൽകാതെ കുറ്റവാളികൾക്കൊപ്പം നിൽക്കുകയാണ് പോലീസ്. വാളയാർകേസിലുൾപ്പെടെ അതാണ് കണ്ടത്. പണം വാങ്ങി പ്രതികളെ രക്ഷിക്കാൻ നിൽക്കുന്ന മാന്യന്മാരുടെ മുഖംമൂടി വലിച്ചുകീറുമെന്നും അദ്ദേഹം പറഞ്ഞു.
എം.സി. ശശീന്ദ്രൻ അധ്യക്ഷനായി. വി.വി. രാജൻ, പി. രഘുനാഥ്, ടി. ബാലസോമൻ, പി. ഹരിദാസൻ, സി.പി. സതീശൻ, പി.കെ. സുരേന്ദ്രൻ, കെ. ഭരതൻ, സുരേഷ് ബാലുശ്ശേരി, വി.പി. ശ്രീപത്മനാഭൻ, പി.എം. സുരേഷ്, ബി.കെ. പ്രേമൻ എന്നിവർ സംസാരിച്ചു.