Kozhikode

വിതുല്‍ പതങ്കയത്ത്
രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോള്‍

തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ബുധനാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആഷിഖിനായുള്ള തിരച്ചിലിന് കഴിഞ്ഞ ദിവസം എത്തിയവരിൽ വിതുലുമുണ്ടായിരുന്നു. വിതുൽ വീടിനടുത്തുള്ള പുഴയിൽ കുളിക്കുന്ന ഒരു വീഡിയോ ആഷിഖ് ഒഴുകിപ്പോകുന്നതാണെന്ന വ്യാജേന ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിതുലിനും ബന്ധുക്കൾക്കും ഇത് ഏറെ വിഷമമുണ്ടാക്കിയെങ്കിലും കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആഷിഖിനായുള്ള തിരച്ചിലിന് വിതുലുമെത്തി.

തിരുവോണദിവസം പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ വീടിനടുത്തുള്ള പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ സുഹൃത്ത് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിച്ചത്. കുട്ടിക്കാലം മുതൽ പരിചിതമായ പുഴയിൽ താഴേക്ക്‌ നീന്തിപ്പോകുന്ന ദൃശ്യമാണ് ഒഴുക്കിൽപ്പെട്ടതെന്ന രീതിയിൽ പ്രചരിച്ചത്. സുഹൃത്തുക്കളുടെയാരോ ഫോണിൽ നിന്നാണ് വീഡിയോ പുറത്തുപോയത്. അന്നുതന്നെയാണ് പതങ്കയത്തെത്തിയ ആഷിഖിനെ ഒഴുക്കിൽപ്പെട്ട് കാണാതായതും. അധികം വൈകാതെ വിതുലിന്റെ വീഡിയോ പ്രചരിച്ചു. കാണാതായ ആഷിഖുമായുള്ള നേരിയ മുഖസാദൃശ്യവും വിനയായി. അന്ന് രാത്രി തന്നെ നിജസ്ഥിതി വിശദീകരിച്ച് വിതുൽ ഒരു വീഡിയോ പുറത്തുവിട്ടെങ്കിലും തെറ്റിദ്ധാരണ മാറിയില്ല. പലരും വിളിച്ചന്വേഷിച്ചുകൊണ്ടിരുന്നു. ഇതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് വിതുൽ.

നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ വിതുൽ വെൽഡിങ് ജോലിക്കാരനാണ്. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. വ്യാജവീഡിയോ പ്രചരിപ്പിച്ചതിൽ ഏറെ വിഷമമുണ്ടെങ്കിലും സുഹൃത്തുക്കൾക്കാർക്കോ പറ്റിയ അബദ്ധമായതിനാൽ വിതുൽ എവിടെയും പരാതിയൊന്നും നൽകിയിട്ടില്ല.