താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി.ബസുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി.
ചുരം അഞ്ചാം വളവിനും ആറാംവളവിനും ഇടയിൽ ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്നും സുൽത്താൻ ബത്തേരിക്ക് പോകുകയായിരുന്ന പോയന്റ് ടു പോയന്റ് രാജധാനി ബസും വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്കുവരികയായിരുന്ന ടൗൺ ടു ടൗൺ മലബാർ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മലബാർ ബസിലെ ഏതാനും യാത്രക്കാർക്ക് നിസാരപരിക്കേറ്റു.
രാജധാനി ബസ് മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ എതിർദിശയിൽനിന്നുവന്ന മലബാർ ബസിൽ ഇടിക്കുകയായിരുന്നെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസിന്റെയും മുൻഭാഗം തകർന്നു. അപകടത്തെത്തുടർന്ന് വാഹനഗതാഗതം ഏതാണ്ട് പൂർണമായും നിലച്ചു. നിർത്താതെ പെയ്യുന്ന മഴയിൽ ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ ദുരിതത്തിലായി.
കുറച്ചുസമയത്തിനകം രാജധാനി ബസ് റോഡിൽനിന്നും മാറ്റി. എന്നാൽ യന്ത്രത്തകരാറിലായ മലബാർ ബസ് നീക്കാനായില്ല. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നതിന് ഇത് തടസ്സമായി. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് ബസ് റോഡിൽനിന്നും മാറ്റി പത്തു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.