കോഴിക്കോട്: മദർ കെയർ എന്ന ക്ലിനിക്കിന്റെ പേരിൽ തട്ടിപ്പ് നടത്തി പണംതട്ടിയതായി പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദേഴ്സ് കെയർ 20 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്തു. വിവിധ ജില്ലകളിലുള്ള ഒട്ടേറെ പേരെ വഞ്ചിച്ചുവെന്ന് പഴയന്നൂർ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം. ഹക്കീം പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ലിനിക്ക് തുടങ്ങാൻ 200 സ്ക്വയർ ഫീറ്റ് മുതൽ 400 സ്ക്വയർ ഫീറ്റ് വരെ സ്ഥലം നൽകിയവരുണ്ട്. മറ്റെല്ലാ ചെലവുകൾക്കുമായി മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകിയവരാണ് വഞ്ചിതരായത്. ഇതുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹക്കീം പറഞ്ഞു.
ഇത്തരത്തിൽ വടക്കൻ ജില്ലകളിൽ ഫ്രാഞ്ചൈസി തുടങ്ങി 60 പേർ വഞ്ചിതരായിട്ടുണ്ട്. ഡോക്ടറെയും നഴ്സിനെയും മദേഴ്സ് കെയർ നിയമിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇവർ കരാർ ലംഘനം നടത്തുകയായിരുന്നു.
നിക്ഷേപത്തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിച്ചപ്പോൾ പന്തീരാങ്കാവ് പോലീസിൽ കള്ളപരാതി നൽകിയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങളായ ആന്റണി ചെറിയാൻ, പി.വി. ദിലീപ്, എം.എം. ഇല്യാസ് എന്നിവർ പങ്കെടുത്തു.
bbആരോപണം അടിസ്ഥാനരഹിതം
bbമദർ കെയറിനെ കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡയറക്ടർ കെ.പി. സജിത്ത് പറഞ്ഞു.
മദർ കെയർ എന്ന ബ്രാൻഡിൽ തുടങ്ങിയ ഹോസ്ളിൻ ഹെൽത്ത് കെയർ ലിമിറ്റഡിന് സംസ്ഥാനത്തുടനീളം 45 ക്ലിനിക്കുകൾ ഉണ്ട്. വ്യക്തിവിരോധംകൊണ്ടാണ് ഇത്തരമൊരു ആരോപണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.