കോഴിക്കോട്: രാജ്യത്ത് മുൻപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചിന്തകളെ നിയന്ത്രിക്കുന്ന അടിയന്തരാവസ്ഥ നടപ്പാക്കിയത് നരേന്ദ്രമോദിയാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. കോഴിക്കോട് പാർലമെൻറ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാർ.

അടിയന്തരാവസ്ഥകാലത്ത് ജയിലുകളിൽ വായിക്കുന്നതിനും ചിന്തിക്കുന്നതിനും തടസ്സമില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യം അടിയന്തരാവസ്ഥയെക്കാൾ അപകടകരമാണ്. പൗരൻ എന്ത് ചിന്തിക്കുന്നെന്ന് നിരീക്ഷിക്കാൻ മോദി സർക്കാർ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചിട്ടുണ്ട്. മോദിക്കെതിരായ ചിന്തകൾ വാട്സാപ്പിലോ മറ്റോ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തിയാൽ ജയിലിലാവും.

ചിന്തയുടെമുകളിൽ അടിയന്തരാവസ്ഥ ലോകത്ത് ആദ്യമാണ്. ഒരു ഭരണാധികാരി എന്ത് ചിന്തിക്കുന്നുവോ അതേ പൗരൻമാർ ചിന്തിക്കാവൂ എന്ന അവസ്ഥ. ഇത് കേരളത്തെമാത്രം ബാധിക്കുന്ന വിഷയമല്ല. അതുകൊണ്ട് മോദി പരാജയപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പി.യുടേത്. നവോത്ഥാനപ്രസ്ഥാനങ്ങളിൽ സംഘപരിവാറിന് എവിടെയാണ് സ്ഥാനമെന്ന് അവർ വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മാത്രമേ സംസ്ഥാനസർക്കാരിന് സാധിക്കുകയുള്ളു. പ്രളയം വന്നപ്പോൾ ആരോഗ്യസ്ഥിതിപോലും മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് മുഖ്യമന്ത്രി. ചെയ്യാത്തകാര്യം എഴുതി ഫ്ലക്സ് ബോർഡിൽ തൂക്കുന്ന ആളല്ല എൽ.ഡി.എഫ്. സ്ഥാനാർഥി പ്രദീപ്കുമാർ. എം.എൽ.എ. എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വടകരയിൽ മത്സരിക്കുന്ന പി. ജയരാജന്റെ കൈ ആരാണ് വെട്ടിയതെന്ന് മറക്കരുതെന്ന് വീരേന്ദ്രകുമാർ പറഞ്ഞു.

മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് താത്‌പര്യമില്ലെന്ന അവസ്ഥയായെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. പറഞ്ഞു. കോഴിക്കോട് മെഡിക്കൽകോളേജിന്റെ വികസനത്തിന് എം.പി. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചതല്ലാതെ എം.കെ. രാഘവൻ കോഴിക്കോടിനുവേണ്ടി ഒന്നും ചെയ്തില്ല. എം.പി.യുടെ പിടിപ്പുകേടുകൊണ്ടാണ് കേന്ദ്രീയവിദ്യാലയത്തിൽ കെട്ടിടസൗകര്യം ഇല്ലാതെ കുട്ടികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പഠിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

എൽ.ഡി.എഫ്. വിട്ട കക്ഷികൾ മുന്നണിയിൽ തിരിച്ചെത്തിയതോടെ എൽ.ഡി.എഫിന്റെ അടിത്തറ വികസിച്ചതായി സി.പി.ഐ. കേന്ദ്ര കമ്മിറ്റിയംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മോദി തിരിച്ച് അധികാരത്തിലെത്തിയാൽ ഇത് അവസാനത്തെ തിരഞ്ഞെടുപ്പായിമാറുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒരു എം.എൽ.എ.ക്കും സാധിക്കാത്തവിധം വികസനപദ്ധതികൾ നടപ്പാക്കാൻ പ്രദീപ്കുമാറിന് സാധിച്ചിട്ടുണ്ടെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സംസ്ഥാനസർക്കാരും മറ്റ് ഏജൻസികളും നടപ്പാക്കിയ പദ്ധതികൾ തന്റെ നേട്ടമായി അവകാശപ്പെടുന്ന എം.കെ. രാഘവന്റെ കാപട്യം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. ലോഹ്യ, ഇ.പി.ആർ. വേശാല, കാസിം ഇരിക്കൂർ, നജീം പാലക്കണ്ടി, എ.ജെ. ജോസഫ്, ഒ.പി.എ. കോയ, സാലി കൂടത്തായി എന്നിവർ സംസാരിച്ചു. സംസ്ഥാനസർക്കാർ അംഗീകരിച്ച് സമർപ്പിച്ച പദ്ധതികൾമാത്രമാണ് കോഴിക്കോട് മണ്ഡലത്തിൽ നടപ്പാക്കിയതെന്നും ഇതിൽ എം.കെ. രാഘവൻ നടത്തുന്ന അവകാശവാദം വസ്തുതാപരമല്ലെന്നും എ. പ്രദീപ്കുമാർ പറഞ്ഞു. കോഴിക്കോട് മണ്ഡലത്തിന്റെ വികസനരൂപരേഖ തയ്യാറാക്കി താമസിയാതെ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.

കെ.ജി. പങ്കജാക്ഷൻ ചെയർമാനും പി.എ. മുഹമ്മദ്റിയാസ് ജനറൽസെക്രട്ടറിയും എം. മെഹബൂബ് ട്രഷററുമായി 501 അംഗ നിർവാഹകസമിതിയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപംനൽകി. 5001 പേർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

മുന്നണിയിൽ തിരിച്ചെത്തിയതിൽ സന്തോഷം

: ഇടതുപക്ഷജനാധിപത്യ മുന്നണിയിൽ തിരിച്ചെത്തിയത് വലിയ സന്തോഷം നൽകുന്നതായി പ്രസംഗത്തിനൊടുവിൽ വികാരഭരിതനായി എം.പി. വീരേന്ദ്രകുമാർ എം.പി. പറഞ്ഞു. പഴയ സഖാക്കളോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതുന്നെ വലിയ കാര്യമാണ്. സീറ്റ് ചർച്ച കഴിഞ്ഞപ്പോൾ ചിലരൊക്കെ ചോദിക്കുന്നുണ്ട് നിങ്ങൾക്ക് എത്ര സീറ്റ് കിട്ടിയെന്ന്. 20 സീറ്റിലും മത്സരിക്കുന്നവർ ഇടതുപക്ഷമുന്നണിയിൽ ഉൾപ്പെട്ടവരാണെന്ന വീരേന്ദ്രകുമാറിന്റെ വാക്കുകൾ െെകയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.