കോഴിക്കോട്: കാലപ്രവാഹത്തിൽ നാം പലതും മറക്കുമെങ്കിലും നിസ്വാർഥ പൊതുപ്രവർത്തകരുടെ ചരിത്രം സുവർണശോഭയോടെ എഴുതപ്പെടുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റും ഗാന്ധിയനുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രൊഫ. എം.കെ. സാനുവിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

തനിക്കുകിട്ടിയ പരമാവധിസ്ഥാനം പഞ്ചായത്തംഗം എന്നതായിരുന്നപ്പോഴും ആ വലിയ മനുഷ്യൻ ആവശ്യപ്പെട്ടത് നാട്ടിൽ പാലവും സർക്കാർ സ്കൂളും വേണമെന്നായിരുന്നു. അദ്ദേഹം തനിക്കായി ഒന്നും ആവശ്യപ്പെട്ടു നേടിയ വ്യക്തിയല്ല. ഇന്ന് അധികാരം കിട്ടുന്നവർ കൂടെ പ്രവർത്തിക്കുന്നവർക്കുകൂടി അതു പങ്കുവെക്കാൻ വിസമ്മതിക്കുന്നു.

സാനുമാഷ് നിയമസഭയിലേക്കും പുസ്തകങ്ങൾ കൊണ്ടുവന്ന് വായിക്കുന്ന എം.എൽ.എ. ആയിരുന്നു. അന്ന് സാമാജികനായിരുന്ന താനുമായി സംഭാഷണങ്ങളിലേർപ്പെട്ടതെല്ലാം പരിസ്ഥിതിയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചുമാണ്. ഇന്നും അദ്ദേഹം വായനക്കാരനാണ്. വെറുതേ എഴുതുന്നയാളല്ല, തന്റെ ചിന്തയും വിശ്വാസപ്രമാണവും വിചാരധാരയും സമൂഹത്തിന് പ്രദാനംചെയ്യാൻവേണ്ടിമാത്രം എഴുതുന്ന എഴുത്തുകാരനാണ്. നിരന്തരം നന്മചെയ്യാനും സമൂഹത്തിനായി പോരാടാനും പ്രേരിപ്പിക്കുന്ന ആ എഴുത്തുകാരന് ഈ പുരസ്‌കാരം ലഭിച്ചത് കേരളീയ സാമൂഹിക പ്രവർത്തനത്തിനും മലയാള സാഹിത്യത്തിനുംകൂടിയുള്ള അംഗീകാരമാണെന്ന് വീരേന്ദ്രകുമാർ പറഞ്ഞു.

കവിതകളിൽ ചങ്ങമ്പുഴയും കുമാരനാശാനും അയ്യപ്പപ്പണിക്കരുമൊക്കെ പലകാലത്ത് കണ്ട സ്വപ്നനക്ഷത്രം സഹോദരൻ അയ്യപ്പനിലും കെ. കുഞ്ഞിരാമക്കുറുപ്പിലുമൊക്കെ നിസ്വാർഥ സേവനത്തിന്റെ വെളിച്ചമായിരുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച പ്രൊഫ. എം.കെ. സാനു പറഞ്ഞു. മഹാത്മാഗാന്ധിയെന്ന മഹാത്യാഗിയുടെ നക്ഷത്രശോഭ കണ്ടാണ് കുഞ്ഞിരാമക്കുറുപ്പും വീരേന്ദ്രകുമാറും താനുമൊക്കെ ജീവിതം ക്രമീകരിച്ചത്. ദാരിദ്ര്യവും രോഗവും ദുരിതവും എല്ലാ മനുഷ്യർക്കും ഒന്നാണെന്നും സ്ഥിതിസമത്വമാണ് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കുന്നതെന്നും തിരിച്ചറിയണം. നീതിയെന്ന ദൈവം എല്ലാ മനുഷ്യർക്കും മുകളിൽ അനന്തമായ ആകാശത്തിൽ ഭാസുരനക്ഷത്രം പോലെ ഉദിക്കുന്ന ദിനമാണ് 92-ാം വയസ്സിലും താൻ സ്വപ്നം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്കരൻ, എൽ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ്, എഴുത്തുകാരൻ പി. ഹരീന്ദ്രനാഥ്, പി. രമേഷ് ബാബു, എം.കെ. ഗോപാലൻ, പി.കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.