കോഴിക്കോട്: പാക് ഭീകരർക്കെതിരേ വിജയംനേടിയ ഭാരതത്തിന്റെ നേട്ടത്തിനെതിരേ കോൺഗ്രസ്-സി.പി.എം. നേതാക്കളുടെ പ്രതികരണങ്ങൾ ദൗർഭാഗ്യകരമായിപ്പോയെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. യുവമോർച്ചയുടെ നേതൃത്വത്തിലുള്ള വിജയസങ്കല്പ ബൈക്ക് റാലി സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.സി.സി. ജനറൽസെക്രട്ടറി ഉമ്മൻചാണ്ടിക്കും ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖിനും സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിൽ ഒരേ നിലപാടാണുള്ളത്. ഒരുകാലത്ത് കോൺഗ്രസ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ അവർ ഉപേക്ഷിച്ചിരിക്കുന്നു. കോടിയേരിയിൽ നിന്നുണ്ടാകുന്നതാകട്ടെ പഴയ കമ്യൂണിസ്റ്റ് നിലപാടുകളുടെ തികട്ടിവരലാണ്. 1942-ലെ ക്വിറ്റിന്ത്യാ സമരത്തെ വഞ്ചിക്കുകയും 1947-ൽ ഭാരതം 16 രാജ്യങ്ങളായി പിരിയണമെന്ന് ക്യാബിനറ്റ് മിഷനിൽ റിപ്പോർട്ട് നൽകുകയും ചെയ്ത കമ്യൂണിസ്റ്റുകൾ ചരിത്രം ആവർത്തിക്കുകയാണ്. ചൈന ആക്രമണകാലത്തെ പ്രേതമാണ് സി.പി.എമ്മിനെ ഇപ്പോൾ വേട്ടയാടുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

ബേപ്പൂർ, സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ വിജയസങ്കല്പ ബൈക്ക് റാലി മുതലക്കുളത്ത് സമാപിച്ചു. സമാപനസമ്മേളനം ബി.ജെ.പി. ജില്ലാ ജനറൽസെക്രട്ടറി പി. ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.