കോഴിക്കോട്: നിസ്സാരമായൊരു മീൻമുള്ളിനുവേണ്ടി കീടങ്ങൾ തമ്മിൽ കലഹത്തിലേർപ്പെടുകയും അവയുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന സന്ദർഭം നാടകത്തിലൂടെ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ.

ബേപ്പൂർ കലാഗ്രാമം സ്കൂൾ ഓഫ് തിയേറ്ററിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രഥമനാടകാവതരണത്തിന് വ്യത്യസ്തമായ ദൃശ്യാവിഷ്കാരം നൽകിയത്. കീടങ്ങൾക്കിടയിലെ പ്രണയം, വെറുപ്പ്, യുദ്ധം എന്നിവ മനുഷ്യാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് ‘കീടഭൂമിയിലെ മീൻമുള്ള്’ എന്ന നാടകം ആസ്വാദകർക്ക് മുന്നിലെത്തിയത്.

നന്മ ബേപ്പൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാടകം അരങ്ങിലെത്തിച്ചത്. ബേപ്പൂർ കലാഗ്രാമത്തിൽ ഒരുവർഷമായി നാടകം പഠിക്കുന്ന കുട്ടികളാണ് അരങ്ങിലെത്തിയത്. ജയപ്രകാശ് കാര്യാൽ സംവിധാനവും സുലൈമാൻ കക്കോടി രചനയും നിർവഹിച്ചു.

നാടകാവതരണത്തിന്റെ ഉദ്ഘാടനം നാടകസംവിധായകൻ എ. രത്നാകരൻ നിർവഹിച്ചു. ചെയർമാൻ എം. രാജഗോപാൽ അധ്യക്ഷനായി. ഡോ. കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വിൽസൺ സാമുവൽ, യു.ടി. സുരേഷ്, മുരളി ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.