കോഴിക്കോട്: കേരള പോലീസ്, ജിടെക്, ഐ.ടി. മിഷൻ എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോർ ദി പോലീസിങ്‌ ഓഫ് സൈബർ സ്പേസും (പോളിസിബ്) ഇൻഫർമേഷൻ സെക്യുരിറ്റി റിസർച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിക്കുന്ന കൊക്കൂൺ-2018 ന്റെ പ്രചാരണം കോഴിക്കോട്ട് തുടങ്ങി.

കോഴിക്കോട് സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം സണ്ണി വെയ്ൻ ഉദ്ഘാടനംചെയ്തു. സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് എസ്. മഹേഷ് കുമാർ, ജിടെക് പ്രതിനിധി ഹാരീസ് പി.ടി., ഡി.സി.പി. കെ.എം. ടോണി, എ.സി.പി. ഇ.പി. പ്രഥ്വിരാജ് എന്നിവർ പ്രസംഗിച്ചുു.

സൈബർ സുരക്ഷ സംബന്ധിച്ച് നടക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളാണ് നടന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഒക്ടോബർ അഞ്ച്, ആറ്് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. സൈബർ മേഖലയിലുള്ളവർക്ക് പുറമേ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള പ്രത്യേകം ക്ലാസുകളും കൊക്കൂണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിൽ സൈബർ വിദഗ്ധരടക്കം രണ്ടായിരത്തോളം പേരാണ് പങ്കെടുക്കുക.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ഓൺലൈൻ പ്രചാരണവും ക്രൈം സെല്ലിന്റെ നിരന്തര അന്വേഷണവുമുണ്ടാവുമെന്ന് സി.ഐ. സി. ഹരിപ്രസാദ് പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളികൾപോലും സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഓൺലൈൻ രംഗത്ത് കമ്പനികളുടെയും വ്യക്തികളുടെയും ഡേറ്റ ചോർത്താനും മറ്റും സാങ്കേതികതയെ കൂട്ടുപിടിച്ച് സംഘടിത ശ്രമങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.