കോഴിക്കോട്: അമ്പാല ക്യാമ്പിലെ ഹവിൽദാർ പി. ഷിജുവിനെ കാണാതായിട്ട് മൂന്നുമാസംപിന്നിട്ടു. ഷിജു മേയ് 28-ന് രാത്രി ന്യൂഡൽഹി റെയിൽവേസ്റ്റേഷനുമുന്നിലുള്ള ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ അന്വേഷണത്തിൽ ബന്ധുക്കൾക്ക് ലഭിച്ചു. സൈനികക്യാമ്പിലെ രണ്ട് ഗാർഡുമാരുടെ നിയന്ത്രണത്തിലായിരുന്ന ഷിജു 29-ന് രാവിലെ വരെ ഇവിടെ താമസിച്ചിട്ടുണ്ട്. 28-ന് രാത്രി 10.30-ന് ചണ്ഡീഗഢിൽനിന്ന് ഡൽഹിയിൽ വണ്ടിയിറങ്ങിയശേഷം റെയിൽവേസ്റ്റേഷനിൽനിന്ന് ഗാർഡുമാരെ വെട്ടിച്ച് ഷിജു ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു സൈനികകേന്ദ്രം നേരത്തേ ബന്ധുക്കളെ രേഖാമൂലം അറിയിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഷിജുവിൻറെ കുടുംബത്തിന്റെ പരാതിയിൽ ഇതുവരെ പോലീസും സൈനികവൃത്തങ്ങളും ഗൗരവപൂർവം അന്വേഷണം നടത്തിയിട്ടില്ല.

അമ്പാല ക്യാമ്പിൽനിന്ന് പട്ട്യാലയിലെ സൈനികകാന്റീനിൽ താത്‌കാലിക ഡ്യൂട്ടിക്ക് പോയ ഷിജുവിന് മാനസികവിഷമം നേരിട്ടതിനെതുടർന്ന് 2018 മാർച്ച് 11-ന് ചണ്ഡീഗഢിലെ സൈനികആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് അവധിയെടുത്ത് സൈനികനായ സഹോദരൻ ബിജുവിനൊപ്പം നാട്ടിലേക്ക് വന്നു. നാട്ടിൽ വന്നപ്പോഴും ജോലിസ്ഥലത്തെ ചില പ്രശ്നങ്ങൾ ഷിജുവിനെ അലട്ടിയിരുന്നതായി ഭാര്യ മാവൂരിനടുത്ത വെള്ളലശ്ശേരി പൊൽപണത്തിൽ എ. നീതു പറയുന്നു. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് അലട്ടേണ്ടെന്ന് കരുതി ബന്ധുക്കളാരും അധികമൊന്നും ചോദിച്ചില്ല. ചുണ്ടിന്റെ ഉൾഭാഗത്ത് വലിയ മുറിവുള്ളതായും കണ്ടു. മേയ് ഒന്നിന് വീണ്ടും ജോലി സ്ഥലത്തേക്ക് വിമാനമാർഗം പോയി. ലീവ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ സൈനികആസ്പത്രിയിൽ പോയി. അവിടെ വീണ്ടും ചികിത്സ തുടർന്നു. കൂടുതൽ ചികിത്സയ്ക്കായി ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. 28-ന് ചണ്ഡീഗഢിൽനിന്ന് രണ്ട് ഗാർഡുമാരുടെ നിരീക്ഷണത്തിൽ ഷിജുവിനെയും തമിഴരസൻ എന്ന മറ്റൊരു രോഗിയെയും ജനശതാബ്ദി എക്സ്പ്രസിൽ ഡൽഹിയിലേക്ക് കൊണ്ടുവന്നു. ഡൽഹിയിൽ റെയിൽവേസ്റ്റേഷനിൽ വണ്ടി ഇറങ്ങിയ ഉടൻ ഷിജു ഓടിരക്ഷപ്പെട്ടുവെന്നാണ് ഗാർഡ് ജഗദീപ് സിങ്ങിന്റെ മൊഴിയിൽ സൈനികകേന്ദ്രം ഡൽഹി പഹാട്ഗഞ്ച് പോലീസിൽ പരാതി നൽകിയത്. ഈ വിവരമാണ് അന്ന് കമാൻഡിങ് ഓഫീസർ ബന്ധുക്കളെ അറിയിച്ചത്.

തമിഴരസന്റെ ഫോൺനമ്പർ സംഘടിപ്പിച്ച് സഹോദരൻ ബിജു വിളിച്ചപ്പോഴാണ് ഡൽഹി റെയിൽവേസ്റ്റേഷന് മുന്നിലെ കരൺപാലസ് ഹോട്ടലിൽ ഷിജുവും ഗാർഡുമാരും തമിഴരസനും 28-ന് രാത്രി താമസിച്ചതായി വിവരം ലഭിച്ചത്. പിന്നീട് ഹോട്ടലിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവിടെ ഷിജുവിന്റെ ആധാർകാർഡ് രേഖയായി നൽകിയിട്ടുമുണ്ട്. ഇക്കാര്യം എന്തിന് ഗാർഡും സൈനികകേന്ദ്രവും മറച്ചുവെച്ചുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതിനിടെ നീതു കുന്ദമംഗലം പോലീസിലും പരാതി നൽകി. 29-ന് രാവിലെ ഷിജുവിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ച് ഹോട്ടലിനുസമീപമുള്ള എ.ടി.എം.കൗണ്ടറിൽനിന്ന് പണം പിൻവലിച്ചിട്ടുമുണ്ട്. ഗാർഡിന്റെ തെറ്റായ മൊഴിയിൽ സൈനികതലത്തിൽ അന്വേഷണം നടക്കുന്നതായി കമാൻഡിങ് ഓഫീസർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ ആത്മാർഥതയിലെന്നാണ് ബന്ധുക്കളുടെ പരാതി. ഷിജു ഡൽഹിയിൽ ഹോട്ടലിൽ താമസിച്ചതിൻറെ തെളിവ് ബന്ധുക്കൾ അന്വേഷിച്ച് കണ്ടെത്തി നൽകിയിട്ടും സൈനികകേന്ദ്രം കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ല.

കാന്റീനിൽനിന്ന് സാധനം കടത്തുന്നത് കണ്ടതായി സൂചന

സൈനിക കാന്റീനിൽ ജോലി ചെയ്യുമ്പോൾ അവിടന്ന് സാധനങ്ങൾ‌ കടത്തുന്നത് കണ്ടത് റിപ്പോർട്ട് ചെയ്തതാണ് ഷിജുവിനെ മാനസികസംഘർഷത്തിലാക്കിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച സൂചന. 17 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്ന ഷിജുവിന് ഇതുവരെ ഒരുവിധത്തിലുള്ള മാനസികസമ്മർദവും അനുഭവപ്പെട്ടിട്ടില്ല. 36-കാരനായ ഷിജുവിന് വേറെ അസുഖങ്ങളൊന്നും ഇല്ല. മൂന്നുമാസത്തേക്ക് താത്‌കാലികസംവിധാനത്തിൽ കാന്റീനിൽ ജോലിക്ക് നിയോഗിക്കപ്പെട്ടതിനുശേഷമാണ് മാനസികപ്രശ്നങ്ങൾ ഉണ്ടാവുന്നത്. കാന്റീനിൽ ചിലപ്രശ്നങ്ങളുണ്ടായതായും അതിനുശേഷം ഭയം തോന്നുന്നതായും ഷിജു ചിലരോട് പറഞ്ഞതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ കാന്റീനിലെ പലജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഈ ദിശയിലേക്ക് അന്വേഷണം നടത്തിയാൽ കൃത്യമായ വിവരം ലഭിക്കുമെന്ന് ബന്ധുക്കൾ പറയുന്നു. ഷിജുവിന്റെ ഏക മകൾ യു.കെ.ജി.വിദ്യാർഥിനി ദ്രുത, ഭാര്യ നീതു, അമ്മ കോമളവല്ലി, അച്ഛൻ പൊൽപണത്തിൽ മാധവൻ എന്നിവർ അന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കേന്ദ്രപ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, കരസേനാമേധാവി, ഗവർണർ തുടങ്ങിയവർക്ക് നൽകിയ നിവേദനത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഈ കുടുംബം.