കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാമൂഹിക സുരക്ഷാമിഷൻ നൽകുന്ന സൗജന്യ ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് മാറ്റാൻ ആലോചന. 200-ലേറെ ദിവസമായി മുടങ്ങിയിരിക്കുന്ന ഭക്ഷണം ഓണത്തിനുമുമ്പ് പുനരാരംഭിക്കാൻ നടപടികൾ പൂർത്തീകരിച്ചുവരുന്നതിനിടെയാണ് അധികൃതർ ഇങ്ങനെയൊരു മാറ്റത്തിന് ആലോചിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ സന്നദ്ധസംഘടനകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ആവശ്യത്തിലധിമാണെന്നാണ് വിലയിരുത്തൽ. ഇത് ആശുപത്രിക്കകത്തും ടോയ്‌ലെറ്റുകളിലും മാലിന്യം കുമിഞ്ഞുകൂടാൻ ഇടയാക്കുന്നുണ്ട്. ആളുകൾ ഭക്ഷണസാധനങ്ങൾ ആവശ്യമില്ലാതെ ഉപേക്ഷിക്കുന്നതാണ് മാലിന്യം വർധിക്കാൻ ഒരു കാരണമെന്നും അധികൃതർ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സാമൂഹികസുരക്ഷാ മിഷന്റെ ഒരു നേരത്തെ സൗജന്യഭക്ഷണവിതരണം വൈകീട്ടാക്കാൻ ആലോചിക്കുന്നതെന്ന് സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.

വിശപ്പുരഹിതനഗരം പദ്ധതിപ്രകാരമുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഉച്ചഭക്ഷണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റും വിതരണം ആരംഭിച്ചത് നാലരവർഷം മുമ്പാണ്. തുടക്കത്തിൽ കരാറെടുത്തയാൾ ഊൺ, കറി, ഉപ്പേരി എന്നിവയടക്കമുള്ള ഭക്ഷണമായിരുന്നു നൽകിവന്നത്. പിന്നീട് ഭക്ഷണം മോശമായെന്ന പരാതിയിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കളയും കേടായ ഭക്ഷണവും കണ്ടെത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കി.

കാലാവധി തീരുന്നതിന് മുമ്പ് കരാർ റദ്ദാക്കിയതിനെതിരേ കരാറുകാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ഊൺ വിതരണം തുടരുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ഡിസംബർ 28-ന് ഊണിന്റെ കൂടെ വിതരണം ചെയ്ത സാമ്പാറിൽ ചത്ത എലിയുടെ തലയും വാലും മറ്റും വെന്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് കരാറുകാരനെ പുറത്താക്കുകയായിരുന്നു. എന്നാൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ സാമൂഹിക സുരക്ഷാമിഷൻ നിലവിൽ ജയിൽ ചപ്പാത്തിയും കറിയും വിതരണം ചെയ്തുവരികയാണ്.

ഭക്ഷണവിതരണ കരാറായി

പൊതുമരാമത്ത് വകുപ്പ് അടുക്കളയുടെയും മറ്റും അറ്റകുറ്റപ്പണിക്കായി അനുവദിച്ച 5.4 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഇലക്‌ട്രിക്കൽ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം 2.6 ലക്ഷം രൂപ സാമൂഹികനീതി വകുപ്പാണ് നൽകുന്നത്. ഭക്ഷണവിതരണത്തിനുള്ള ടെൻഡറിനും അംഗീകാരമായി.

ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് കനിവ് മാത്രം

മെഡിക്കൽ കോളേജ് ആശുപത്രി ഭക്ഷണവിതരണകേന്ദ്രത്തിൽ നിന്നുള്ള സൗജന്യ ജയിൽ ചപ്പാത്തിയ്ക്കുപുറമെ, പരിസരത്തെ കനിവ് എന്ന സന്നദ്ധസംഘടന മാത്രമാണ് ഇപ്പോൾ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. അഞ്ചോളം സന്നദ്ധസംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നത് വൈകീട്ട് നാലുമണിക്കാണ്. ചില സംഘടനകൾ രാവിലെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന പച്ചക്കറിയിതര ഭക്ഷണങ്ങൾ അധിക മാലിന്യമായി വാർഡുകളിലും ടോയ്‌ലെറ്റുകളിലും കുമിഞ്ഞുകൂടുന്നുവെന്നാണ് പരാതി. ഉച്ചയ്ക്ക് പച്ചക്കറിസദ്യ വിതരണം ചെയ്തിരുന്നപ്പോൾ 1500-ലധികം പേർ ഭക്ഷണം കഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ഞൂറോളം പേർ മാത്രമാണ് ജയിൽ ചപ്പാത്തി കഴിക്കാനെത്തുന്നത്.