കോഴിക്കോട്: സമരം കഴിഞ്ഞതോടെ ലോറികൾ പിന്നെയും സൗത്ത് ബീച്ചിൽ പാർക്ക്ചെയ്തുതുടങ്ങി. പ്രധാന പ്രവേശന കവാടത്തിനടുത്തല്ലാതെയാണ് ഇപ്പോൾ ലോറികൾ പാർക്ക് ചെയ്യുന്നത്. ശാശ്വതമായ സൗകര്യമൊരുക്കാതെ ലോറി മാറ്റാനാവില്ലെന്നാണ് ജീവനക്കാരും ഏജന്റുമാരും പറയുന്നത്.

നവീകരിച്ച ബീച്ചിലേക്ക് കയറുന്ന വശത്ത് ലോറി നിർത്തിയിടരുതെന്ന് കളക്ടർ നിർദേശം നൽകിയതോടെ ഇത്‌ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ലോറി സമരമായതിനാൽ ഇവിടെ പാർക്കുചെയ്യേണ്ട സാഹചര്യവും ഇല്ലായിരുന്നു.

എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ സി.ഐ.ടി.യു.വിന്റെ കൊടിനാട്ടി ലോറികൾ ഇവിടെ പാർക്ക്ചെയ്യാൻ തുടങ്ങി. ഇതോടെ സൗത്ത് ബീച്ച് സംരക്ഷണസമിതി പ്രവർത്തകരും ലോറിക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

കോയാറോഡിലോ മീഞ്ചന്തയിലോ ലോറി പാർക്കിങ്ങിന് സ്ഥലമനുവദിക്കാനായിരുന്നു തീരുമാനം.

മീഞ്ചന്തയിൽ നിലവിൽ സാധ്യമല്ലെന്നും അവിടെ മണ്ണിട്ടുനികത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോയാറോഡിൽ കണ്ടെത്തിയ സ്ഥലത്ത് നൂറോളം ലോറികൾ നിർത്തിയിടാനാവും. എന്നാൽ, ഇവിടെ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് ലോറിക്കാർ പറയുന്നത്.

ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ മാത്രമേ അവിടെ പാർക്ക് ചെയ്യാനാവൂവെന്നാണ് സ്ഥലമുടമ പറയുന്നതെന്നും അവർ പറഞ്ഞു.

കോർപ്പറേഷനാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്ന് കളക്ടർ യു.വി.ജോസ് പറഞ്ഞു. ലോറികൾക്ക് നിർത്താൻപറ്റിയ സാഹചര്യമല്ല നിലവിൽ കോയാ റോഡിലുള്ളതെന്നും അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ലോറി കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു.

ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് സെക്‌ഷൻ(സി.ഐ.ടി.യു.), ലോറി ട്രാൻസ്പോർട്ട് ഏജൻസീസ് യൂണിയൻ(സി.ഐ.ടി.യു.) എന്നിവയുടെ നേതൃത്വത്തിൽ ബീച്ചിൽ പ്രകടനവും നടത്തി.

ലോറി നീക്കാൻ കോർപ്പറേഷനാവില്ലല്ലോ

പാർക്ക്ചെയ്ത ലോറികൾ മാറ്റാൻ കോർപ്പറേഷനാവില്ല. പോലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ബീച്ചിൽ പാർക്ക്ചെയ്യുന്നത് ഒഴിവാക്കാൻ നേരത്തേതന്നെ പറഞ്ഞതാണ്. കോയാറോഡിൽ പറ്റില്ലെങ്കിൽ സൗകര്യമുള്ള സ്ഥലത്ത് പാർക്ക്ചെയ്യണം.

തോട്ടത്തിൽ രവീന്ദ്രൻ(മേയർ)

കോയാറോഡിൽ സൗകര്യമില്ല

പലനാടുകളിൽനിന്നുള്ളവരായിരിക്കും ലോറിയിലുള്ളത്. കോയാറോഡിൽ ലോറികൾ നിർത്തിയിടുന്നതിൽ ജനങ്ങളുടെതന്നെ പ്രതിഷേധമുണ്ട്. അടിസ്ഥാനസൗകര്യവുമില്ല. ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശാശ്വതമായ ഇടം കണ്ടെത്തിയാൽ സൗത്ത് ബീച്ചിൽനിന്ന് മാറാൻ തയ്യാറാണ്.

കെ. റഫീഖ്(ലോറി ട്രാൻസ്പോർട്ട് ഏജൻസീസ് യൂണിയൻ(സി.ഐ.ടി.യു.)